ഷിഗെല്ല രോഗവ്യാപനം: തൃശൂരിൽ ‘ഓപ്പറേഷൻ ക്ലീൻ കേരള’ പരിശോധന ശക്തമാക്കി; 4 സ്ഥാപനങ്ങൾക്ക് പിഴ
ഷിഗെല്ല രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ നഗര പരിധിയിൽ ഫുഡ് സേഫ്റ്റി വകുപ്പിന്റെ ‘ഓപ്പറേഷൻ ക്ലീൻ കേരള’ പരിശോധനകൾ പുരോഗമിക്കുന്നു. ഒരാഴ്ചയായി നഗരത്തിലെ ഹോട്ടലുകൾ, കൂൾബാറുകൾ, റെസ്റ്റോറന്റുകൾ, ജ്യൂസ് സ്റ്റാളുകൾ തുടങ്ങിയ 65 സ്ഥാപനങ്ങളിലാണ് പ്രത്യേക പരിശോധന നടത്തിയത്. പരിശോധനയിൽ മാനദണ്ഡങ്ങളിൽ വലിയ വീഴ്ചകൾ വരുത്തിയ നാല് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകി. ചെറിയ ന്യൂനതകൾ കണ്ടെത്തിയ 15 സ്ഥാപനങ്ങൾക്ക് വീഴ്ചകൾ പരിഹരിക്കുന്നതിനായി റെക്റ്റിഫിക്കേഷൻ നോട്ടീസ് നൽകി. കൂടാതെ, ഗുണനിലവാരം വിലയിരുത്തുന്നതിനായി 12 സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
രോഗവ്യാപനം തടയുന്നതിനായി പൊതുജനങ്ങൾ കർശനമായ മുൻകരുതലുകൾ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക. സാലഡുകൾ, മസാല ചട്ണി, കൃത്യമായി പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കൾ, മയോണൈസ് എന്നിവ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണം. വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഭക്ഷണം കഴിക്കുന്നതിന് മുൻപും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകൾ കൃത്യമായി സോപ്പുപയോഗിച്ച് കഴുകണം. ശൗചാലയങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുടിവെള്ള സ്രോതസ്സുകളായ കിണറുകളും വാട്ടർ ടാങ്കുകളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാനും ക്ലോറിനേറ്റ് ചെയ്യാനുമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ ആശുപത്രിയിൽ എത്തി വിദഗ്ദ്ധ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.
തൃശൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർമാരായ വി.എച്ച്. അഷറഫ്, എം.എസ്. സിക്തമോൾ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
- Log in to post comments