Skip to main content

ട്രോളിംഗ് നിരോധനം ജൂൺ 9 അർദ്ധരാത്രി മുതൽ; നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഫിഷറീസ് വകുപ്പ്

സംസ്ഥാനത്ത് ജൂൺ ഒമ്പതിന് അർദ്ധരാത്രി മുതൽ ജൂലായ് 31 അർദ്ധരാത്രി വരെ ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പ് കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലാ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിരോധന കാലയളവിലെ സുരക്ഷാ ക്രമീകരണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും യോഗത്തിൽ ചർച്ചയായി.

നിരോധന കാലയളവിൽ പരമ്പരാഗത യാനങ്ങൾക്ക് മാത്രമേ മത്സ്യബന്ധനത്തിന് അനുമതിയുണ്ടാവുകയുള്ളൂ. ട്രോളിംഗ്, ഡബിൾ നെറ്റ് എന്നിവ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. അന്യസംസ്ഥാന ബോട്ടുകൾ അടിയന്തരമായി തീരം വിട്ടുപോകേണ്ടതാണെന്നും, മറ്റ് ബോട്ടുകൾ അതത് ബേസ് ഓഫ് ഓപ്പറേഷനുകളിൽ ആങ്കർ ചെയ്യേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി. ഇൻബോർഡ് വള്ളങ്ങൾക്കൊപ്പം ഒരു ക്യാരിയർ വള്ളം മാത്രമേ അനുവദിക്കൂ. കടലിൽ പോകുന്ന തൊഴിലാളികൾ ജീവൻരക്ഷാ ഉപകരണങ്ങളും രജിസ്ട്രേഷൻ, ലൈസൻസ്, ആധാർ കാർഡ് എന്നിവയും നിർബന്ധമായും കൈവശം വെക്കണം.

ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം 2026 മെയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 0480 2996090 എന്ന കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടുക. വിവിധ വകുപ്പ് ഓഫീസർമാരും മത്സ്യത്തൊഴിലാളി യൂണിയൻ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷനു പകരം സാമ്പത്തിക സഹായം അനുവദിക്കണമെന്നും, സുരക്ഷയ്ക്കായി കോസ്റ്റ് ഗാർഡിന്റെ സേവനം ജില്ലയിൽ പ്രയോജനപ്പെടുത്തണമെന്നും യോഗത്തിൽ മത്സ്യത്തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെട്ടു.
 

date