Skip to main content
..

ലോക ഒളിമ്പിക്‌സ് ദിനം കായിക ഭൂപടത്തില്‍ കൊല്ലത്തെ അടയാളപ്പെടുത്തണം: മന്ത്രി ബിന്ദു കൃഷ്ണ

  കേരളത്തിന്റെ കായികഭൂപടത്തില്‍ അടയാളപ്പെടുംവിധം കൊല്ലത്തിന്റെ കായികമേഖല വികസിക്കണമെന്ന് തൊഴില്‍, വനിതാ ശിശുവികസന, ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ. ലോക ഒളിമ്പിക്‌സ് ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നപരിപാടികള്‍സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലഹരിയില്‍ നിന്ന് യുവതയെ കായിക മേഖലയിലേക്ക് ആകര്‍ഷിക്കണം. വിദ്യാര്‍ഥികളെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും സ്‌പോര്‍ട്‌സ് പ്രേമികളെയും ദിനചാരണത്തിന്റെ ഭാഗമായി അണിനിരത്തണമെന്നും മന്ത്രി പറഞ്ഞു.

  ലോക ഒളിമ്പിക്‌സ് ദിനമായ ജൂണ്‍ 23ന് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത്  ആരംഭിക്കുന്ന റാലിയില്‍ ഏഴായിരത്തോളം പേര്‍ പങ്കെടുക്കും. വിദ്യാര്‍ഥികള്‍, എസ്.പി.സി, എന്‍.സി.സി കെഡറ്റുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പങ്ക് ചേരും. പരിപാടികളുടെഭാഗമായി കുട്ടികള്‍ക്കുള്ള കലാകായിക മത്സരങ്ങളും നടത്തും. ദിനാചരണത്തിന്റെ ഭാഗമായി 2026 വൃക്ഷതൈകള്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നടുമെന്നും യോഗത്തില്‍ അറിയിച്ചു.

  ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് അധ്യക്ഷയായി. മേയര്‍ എ.കെ. ഹഫിസ്, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ഷിബു പ്രഭാകരന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് രാമഭദ്രന്‍, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഗോപന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഐ.ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date