Skip to main content

*ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു: ആശുപത്രികളിൽ ചികിത്സയിലുള്ളത് 58 പേർ*

ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതുവരെ മൂന്ന് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 58 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 14 പേർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും 44 പേർ സ്വകാര്യ ആശുപത്രിയിലുമാണ്. 473 പേർക്കാണ് ഇതുവരെ രോഗലക്ഷണങ്ങൾ പ്രകടമായിട്ടുള്ളത്. ഇവരിൽ 470 പേരും സ്കൂൾ വിദ്യാർത്ഥികളാണ്. ഒരു അധ്യാപികയും രണ്ട് രക്ഷിതാക്കളും രോഗലക്ഷണങ്ങളുള്ളവരിൽ പെടുന്നു. രോഗബാധ സ്ഥിരീകരിക്കപ്പെട്ട എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ കുടുംബാംഗങ്ങളായ 489 പേരെ ബന്ധപ്പെടുകയും ഇവരിൽ 16 പേർക്ക് ലക്ഷണങ്ങളുള്ളതായി അറിയിക്കുകയും ചെയ്തു. ഇവരെ ആശുപത്രികളിൽ എത്തിച്ച് പരിശോധിച്ചു. ഇതിൽ 14 പേരെയും വിട്ടയക്കുകയും രണ്ട് പേരെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ സഹോദരങ്ങൾ പഠിക്കുന്ന മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജാഗ്രത തുടരുകയാണ്.

date