Skip to main content

സെന്‍സസ്; സെല്‍ഫ് എന്യൂമറേഷന്‍ ഇന്ന് (ജൂണ്‍ 16) മുതല്‍

2027 ലെ സെന്‍സസ് നടപടികളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി സ്വയം രേഖപ്പെടുത്താനുള്ള 'സെല്‍ഫ് എന്യൂമറേഷന്‍' ജൂണ്‍ 16 മുതല്‍ ജൂണ്‍ 30 വരെ നടക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ പൗരന്മാര്‍ക്ക് സ്വന്തമായി വിവരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 15 മുതല്‍ 20 മിനിറ്റുകൊണ്ട് ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കേരളത്തില്‍ 2027-ലെ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത് ഒന്നാം ഘട്ടം (ഹൗസ് ലിസ്റ്റിംഗും ഹൗസിങ് സെന്‍സസും) ജൂലൈ ഒന്ന് മുതല്‍ 30 വരെ നടക്കും. ഇതിന് മുന്നോടിയായാണ് ജൂണ്‍ 16 മുതല്‍ 15 ദിവസത്തേക്ക് സെല്‍ഫ് എന്യൂമറേഷന്‍ അനുവദിക്കുന്നത്. രണ്ടാം ഘട്ടം (ജനസംഖ്യാ കണക്കെടുപ്പ്) 2027 ഫെബ്രുവരിയില്‍ നടക്കും.

സെല്‍ഫ് എന്യൂമറേഷന്‍ ഓണ്‍ലൈനായി എങ്ങനെ ചെയ്യാം ? (Step-by-Step Guide)

1. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക (https://se.census.gov.in)

ആദ്യമായി സെന്‍സസിന്റെ ഔദ്യോഗിക സെല്‍ഫ് എന്യൂമറേഷന്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് നിങ്ങളുടെ സംസ്ഥാനം (കേരളം) തിരഞ്ഞെടുക്കുക.

2. രജിസ്ട്രേഷന്‍ & ഒ.ടി.പി വെരിഫിക്കേഷന്‍

കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പരും നല്‍കി രജിസ്റ്റര്‍ ചെയ്യുക. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി (OTP) വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക. (ശ്രദ്ധിക്കുക: ഒരു കുടുംബത്തിന് ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഒരിക്കല്‍ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാന്‍ സാധിക്കില്ല).

3. ലൊക്കേഷന്‍ അടയാളപ്പെടുത്തല്‍

പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന മാപ്പില്‍ വീടിന്റെ കൃത്യമായ സ്ഥാനം 'റെഡ് മാര്‍ക്കര്‍' (Red Marker) ഉപയോഗിച്ച് അടയാളപ്പെടുത്തുക.

4. വിവരങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുക

വീടിന്റെ നിര്‍മ്മാണ രീതി, കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി, വിവരങ്ങള്‍ വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം 'ഫൈനല്‍ സബ്മിറ്റ്' നല്‍കുക. വിവരങ്ങള്‍ വിജയകരമായി സമര്‍പ്പിച്ചു കഴിഞ്ഞാല്‍ H എന്ന് തുടങ്ങുന്ന 11 അക്കങ്ങളുള്ള ഒരു സെല്‍ഫ്-എന്യുമറേഷന്‍ ഐ.ഡി (SEID) നിങ്ങള്‍ക്ക് ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ നിങ്ങളുടെ വീടുകളില്‍ എത്തുമ്പോള്‍ ഈ ഐ.ഡി മാത്രം കാണിച്ചാല്‍ മതിയാകും.

date