ആധാർ സേവനങ്ങൾ: നിർദേശങ്ങളുമായി ഐടി മിഷൻ
ആധാർ സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് നിർദേശങ്ങളുമായി നോഡൽ ഏജൻസിയായ സംസ്ഥാന ഐടി മിഷൻ. കുട്ടികളുടെ ആധാർ രജിസ്‌ട്രേഷൻ, നിർബന്ധിത ബയോമെട്രിക് പുതുക്കൽ, മൊബൈൽ നമ്പർ, ഇ-മെയിൽ അപ്‌ഡേറ്റ് ചെയ്യൽ എന്നിവ സംബന്ധിച്ചാണ് ഐടി മിഷൻ നിർദേശം പുറത്തിറക്കിയത്.
കുട്ടികളുടെ ആധാർ രജിസ്‌ട്രേഷൻ
നവജാത ശിശുക്കൾക്ക് ഉൾപ്പെടെ ആധാറിന് എൻറോൾ ചെയ്യാം. അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് വിരലടയാളം, കൃഷ്ണമണി രേഖ എന്നിവ ശേഖരിക്കുന്നില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികൾക്ക് ആധാർ നൽകുന്നത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതിയാകും. കുട്ടികൾക്ക് ഭാവിയിൽ വിവിധ സർക്കാർ ആനുകൂല്യങ്ങൾ തടസമില്ലാതെ ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ തന്നെ ആധാർ എടുക്കാൻ ശ്രദ്ധിക്കണം.
നിർബന്ധിത ബയോമെട്രിക് പുതുക്കൽ
കുട്ടികൾക്ക് 5 വയസിലും 15 വയസിലും ബയോമെട്രിക് വിവരങ്ങൾ - വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ-എന്നിവ നിർബന്ധമായും പുതുക്കണം. 5 വയസ് മുതൽ 17 വയസ് വരെയുള്ള കുട്ടികളുടെ ഈ നിർബന്ധിത പുതുക്കൽ 2026 സെപ്റ്റംബർ വരെ സൗജന്യമായി എല്ലാ ആധാർ കേന്ദ്രങ്ങളിലും ലഭ്യമാണ്. കൃത്യസമയത്ത് ബയോമെട്രിക്‌സ് പുതുക്കാത്ത ആധാർ കാർഡുകൾ താത്ക്കാലികമായി അസാധുവാകാൻ സാധ്യതയുണ്ട്.
സ്‌കോളർഷിപ്പുകൾ, റേഷൻകാർഡിൽ പേര് ചേർക്കൽ, സ്‌കൂൾ, കോളേജ് അഡ്മിഷനുകൾ, ഡിജിലോക്കർ, അപാർ, പാൻ കാർഡ് എന്നിവയ്ക്ക് ആധാർ അത്യാവശ്യമാണ്. സമയബന്ധിതമായി ഇത് പുതുക്കുന്നത് വഴി മത്സരപ്പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുമ്പോൾ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.
മൊബൈൽ നമ്പർ, ഇ-മെയിൽ അപ്‌ഡേറ്റ് ചെയ്യൽ
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി വഴി മാത്രമാണ് വിവിധ സർക്കാർ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്നത്. അതിനാൽ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ആധാറിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
ആധാർ സേവനങ്ങൾ എവിടെ ലഭിക്കും
പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ/ഇ-മെയിൽ മാറ്റൽ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും ലഭിക്കും.
പരാതി പരിഹാരം
സിറ്റിസൺ കോൾ സെന്റർ നമ്പർ: 1800-4251-1800 (ടോൾ ഫ്രീ), 0471-2335523, കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (ആധാർ സെക്ഷൻ): 0471-2525442. ഇമെയിൽ; uidhelpdesk@kerala.gov.in
- Log in to post comments