ഹജ്ജ് 2027: ട്രെയിനര്‍മാരുടെ അഭിമുഖം ഈ മാസം 20 മുതല്‍ ആരംഭിക്കും
2027-ലെ ഹജ്ജ് അപേക്ഷാ സമര്‍പ്പണ നടപടികള്‍ ഉടന്‍ ആരംഭിക്കാനിരിക്കെ പ്രാരംഭ ഒരുക്കങ്ങളുടെ ഭാഗമായി ഹജ്ജ് ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 20 മുതല്‍ നടക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. കോഴിക്കോട് കരിപ്പൂര്‍ ഹജ്ജ് ഹൗസ് ഉള്‍പ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിലാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്. ഹാജിമാര്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് സൗകര്യമൊരുക്കുക, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, അപേക്ഷകരെ നിയമവശങ്ങള്‍ ബോധ്യപ്പെടുത്തുക എന്നിവയാണ് ട്രെയിനര്‍മാരുടെ പ്രധാന ചുമതലകള്‍. കൂടാതെ, ഹജ്ജിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി മൂന്ന് ഘട്ടങ്ങളിലായുള്ള പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുക, രേഖകളുടെ സമര്‍പ്പണം, പണമടയ്ക്കല്‍, മെഡിക്കല്‍ പരിശോധന, യാത്രാ വിവരങ്ങള്‍ കൈമാറല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഹാജിമാരെ സഹായിക്കേണ്ടതും ട്രെയിനര്‍മാരുടെ ഉത്തരവാദിത്തമാണ്.
യാതൊരുവിധ പ്രതിഫലവും കാംക്ഷിക്കാതെ തികച്ചും സൗജന്യമായി സേവനം ചെയ്യാന്‍ തയ്യാറുള്ളവര്‍ മാത്രമേ അഭിമുഖത്തില്‍ പങ്കെടുക്കാവൂ. ഹജ്ജ് കമ്മിറ്റി ഇതിന് യാതൊരു സാമ്പത്തിക ആനുകൂല്യവും നല്‍കുന്നതല്ല. അഭിമുഖത്തിനും തുടര്‍ന്നുള്ള പരിശീലനങ്ങള്‍ക്കും സ്വന്തം ചിലവില്‍ വേണം പങ്കെടുക്കാന്‍. ട്രെയിനര്‍ ആകുന്നത് വഴി ഹജ്ജ് യാത്രയ്ക്കോ മറ്റ് മേഖലകളിലോ യാതൊരുവിധ പ്രത്യേക പരിഗണനയോ ആനുകൂല്യമോ ലഭിക്കുന്നതല്ല.
താഴെ പറയുന്ന പ്രകാരമാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലെ അപേക്ഷകര്‍ ജൂണ്‍ 20 ന് രാവിലെ 10 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ അഭിമുഖത്തിനെത്തണം. മലപ്പുറം ജില്ലയിലെ അപേക്ഷകര്‍ക്ക് ജൂണ്‍ 20 ന് ഉച്ച കഴിഞ്ഞ് മൂന്നിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ അഭിമുഖം നടക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അപേക്ഷകര്‍ക്ക് ജൂണ്‍ 21 ന് രാവിലെ 10 ന് മട്ടന്നൂര്‍ സീല്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ അഭിമുഖം നടക്കും. തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അപേക്ഷകര്‍ ജൂണ്‍ 23 ന് രാവിലെ 10 ന് എറണാകുളം കളമശേരിയിലെ ഞാലകം കണ്വെന്ഷന് സെന്ററില്‍ അഭിമുഖത്തിനെത്തണം.
അഭിമുഖത്തിന് അര്‍ഹരായവരുടെ ലിസ്റ്റ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ [keralahajcommittee.org](http://keralahajcommittee.org) എന്ന ലിങ്കില്‍ ലഭ്യമാണ്. അപേക്ഷകര്‍ വെബ്സൈറ്റില്‍ നിന്നും തങ്ങളുടെ ക്രമനമ്പര്‍ മനസ്സിലാക്കി വെക്കേണ്ടതും ഇന്റര്‍വ്യൂ രജിസ്റ്ററില്‍ ഇത് രേഖപ്പെടുത്തേണ്ടതുമാണെന്ന് അസിസ്റ്റന്റ് സെക്രട്ടറി മുജീബ് റഹ്മാന് പുത്തലത്ത് അറിയിച്ചു.
- Log in to post comments