ജില്ലാതല അറിയിപ്പുകൾ
അഭയകിരണം: അപേക്ഷ ക്ഷണിച്ചു
അശരണരായ സ്ത്രീകൾക്ക് അഭയവും സംരക്ഷണവും നൽകുന്നവർക്കുള്ള 2026-27 സാമ്പത്തിക വർഷത്തെ അഭയകിരണം പദ്ധതിയിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. പ്രായഭേദമെന്യേ അശരണരായ സ്ത്രീകളെ സംരക്ഷിക്കുന്ന വ്യക്തിക്കാണ് ധനസഹായം ലഭിക്കുക. അപേക്ഷ അതാത് ഐസിഡിഎസ് ഓഫീസിലെ ശിശു വികസന പദ്ധതി ഓഫീസർക്ക് ഡിസംബർ 15 നകം സമർപ്പിക്കുക. മുൻ വർഷങ്ങളിൽ ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് https://wcd.kerala.gov.in/schemes.php എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0497 2700708 നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.
നിയമനം
കണ്ണൂർ പയ്യാമ്പലം ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള എന്റർപ്രണർഷിപ് ഡവലപ്‌മെന്റ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ദിവസ വേതനടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ളവർ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ എട്ടിന് രാവിലെ 11 മണിക്ക് സ്‌കൂളിൽ ഇന്റർവ്യൂവിൽ പങ്കെടുക്കുക. ഫോൺ: 9605790686, 9895295830
കെൽട്രോണിൽ വിവിധ കോഴ്സുകൾ
കെൽട്രോണിന്റെ കണ്ണൂർ, തളിപ്പറമ്പ നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് ( പ്ലസ്ടു യോഗ്യത, ഒരു വർഷം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ് (എസ്.എസ്.എൽ.സി, ഒരു വർഷം) അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഇന്റർനാഷണൽ അക്കൗണ്ടിംഗ് ( പ്ലസ്ടു, ഒമ്പത് മാസം) കൂടാതെ കേരള സർക്കാർ അംഗീകൃത ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ് (പ്ലസ്ടു യോഗ്യത, ആറ് മാസം), കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി & എം.എസ് ഓഫീസ്) (എസ്.എസ്.എൽ.സി, മൂന്ന് മാസം) എന്നീ കോഴ്‌സുകളിൽ ചേരാൻ താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കണ്ണൂർ തളിപ്പറമ്പ ബസ് സ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്റെറിൽ ഹാജരാകേണ്ടതാണ്. ഫോൺ: 9072592412, 9072592458
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വകുപ്പിൻറെ ഐഒടി ലാബ് വൈദ്യുതീകരിക്കുന്നതിന് മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 12 ഉച്ചയ്ക്ക് 12.30. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0497 2780226. വെബ്‌സൈറ്റ്: https://www.gcek.ac.in/
ടെണ്ടർ ക്ഷണിച്ചു
സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള കണ്ണൂർ ജില്ലാ സാമൂഹ്യ നീതി ആഫീസ് ആവശ്യത്തിലേക്കായി 2026-27 സാമ്പത്തിക വർഷം (31/3/2027 വരെ) 12 വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത ടാക്‌സി പെർമിറ്റുള്ള എസി കാർ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയ്യതി ജൂൺ 14.
വൈദ്യുതി മുടങ്ങും
ഏച്ചൂർ സെക്ഷൻ പരിധിയിൽ എച്ച്.ടി ലൈനിനു സമീപം ഉള്ള മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ജൂൺ രണ്ടിന് വാരം കനാൽ, ചുടല, പൊലുപ്പിൽകാവ്, ചാലിൽ മെട്ട, കടാംങ്കോട്,കടാംങ്കോട് പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മണി മുതൽ മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
എൽ.ടി കേബിൾ വലിക്കുന്ന പ്രവൃത്തി ഉള്ളതിനാൽ ഇന്ദിരാ നഗർ ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ രണ്ടിന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽ ടി ലൈൻ ടച്ചിങ് പ്രവൃത്തി നടക്കുന്നതിനാൽ ജൂൺ രണ്ടിന് ഇല്ലത്തു വളപ്പിൽ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഏഴ് മണി മുതൽ ഒൻപത് മണി വരെയും ഹാജി മുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെയും എച്ച് ടി ലൈൻ ടച്ചിങ് പ്രവൃത്തി നടക്കുന്നതിനാൽ കേളപ്പൻമുക്ക് , നാമ്പോലൻമുക്ക്, ഹസ്സൻമുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഏഴ് മണി മുതൽ രണ്ട് മണി വരെയും ആറ്റടപ്പ ഡിസ്പെൻസറി , ആറ്റടപ്പ അമ്പലം ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ പത്ത് മണി മുതൽ രണ്ട് മണി വരെയും ഭാഗികമായി വൈദ്യുതി തടസ്സം നേരിടുന്നതാണ്.
കെ.എസ്.ആർ.ടി.സി മൂന്നാർ യാത്ര
കെ.എസ്.ആർ.ടി.സി പയ്യന്നൂർ യുണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ജൂൺ അഞ്ചിന് മൂന്നാർ വിനോദ യാത്ര സംഘടിപ്പിക്കുന്നു. അഞ്ചിന് വൈകുന്നേരം ആറ് മണിയോടെ പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് എട്ടിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന വിധത്തിൽ ആണ് യാത്ര. മൂന്നാർ, മറയൂർ, കാന്തല്ലൂർ, ചതുരംഗപ്പാറ, ഗ്യാപ് റോഡ്, പൊന്മുടി ഡാം തുടങ്ങിയ സ്ഥലങ്ങൾ ആണ് യാത്രയിൽ ഉൾപ്പെടുക. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും : 9496403062, 9745534123
ഗവ. തളാപ്പ് മിക്‌സഡ് യു.പി. സ്‌കൂളിൽ പ്രവേശനോത്സവം
ഗവ. തളാപ്പ് മിക്‌സഡ് യു.പി. സ്‌കൂളിൽ പ്രവേശനോത്സവം ജില്ലാ കലക്ടർ പി. വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം ജീവിതവിജയത്തിനുള്ള അടിത്തറയാണെന്നും പഠനത്തോടൊപ്പം മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തിയെടുക്കണമെന്നും കലക്ടർ പറഞ്ഞു.
കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്ൺ അഡ്വ. സോന ജയറാം അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അഡ്വ. അർച്ചന വണ്ടിച്ചാൽ, ഹെഡ്മാസ്റ്റർ സുനിൽകുമാർ ടി.സി, എസ്.എം.സി ചെയർമാൻ എം.പി. രാജേഷ്, പി.ടി.എ പ്രസിഡന്റ് മുഹമ്മദലി എം.പി., മദർ പി ടി എ പ്രസിഡന്റ് ജയസുധ, സീനിയർ അസിസ്റ്റൻറ് ബബിത കെ., എസ്ആർജി കൺവീനർ നീന ടി., സ്റ്റാഫ് സെക്രട്ടറി ശ്രീലേഷ് പി.പി. എന്നിവർ സംസാരിച്ചു. വർണാഭമായ കലാപരിപാടികളും വിദ്യാർഥികളുടെ വിവിധ അവതരണങ്ങളും ചടങ്ങിന് മിഴിവേകി.
- Log in to post comments