ജില്ലാതല വായന പക്ഷാചരണം നാളെ (വെള്ളി) നടക്കും; ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും
ജില്ലാതല വായനാപക്ഷാചരണത്തിന് നാളെ (വെള്ളി) തുടക്കമാകും. മലപ്പുറം ഗവ.കോളെജില്‍ രാവിലെ 10.30 ന് ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്, വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന്, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ വകുപ്പ്, എന്‍.എസ്.എസ്., ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പക്ഷാചരണ പരിപാടികള്‍ നടക്കുക. ഡിജിറ്റല്‍ ലോകത്ത് നിന്ന് വായനയുടെ ലോകത്തേക്ക് കുട്ടികളെയും മുതിര്‍ന്നവരെയും തിരികെ കൊണ്ടുവരാനുള്ള ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ക്യാംപയിനും പക്ഷാചരണത്തിന്റെ ഭാഗമായി ആരംഭിക്കും. മലപ്പുറം ഗവ.കോളെജ് പ്രിന്‍സിപ്പല്‍ ഡോ.സൈനുല്‍ ആബിദ് കോട്ട ഉദ്ഘാടന സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ് സ്വാഗതവും മലപ്പുറം ഗവ,കോളെജ് അറബിക് വിഭാഗം മേധാവി ഡോ. മൊയ്തീന് കുട്ടി കല്ലറ നന്ദിയും പറയും. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് സെക്രട്ടറി ജാഫര്‍ കക്കൂത്ത് ക്യാംപയിന് വിശദീകരിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി.റഫീഖ്, എല്‍.എസ്.ജി.ഡി.ജോയിന്റ് ഡയറക്ടര്‍ കെ.കെ.വിമല്‍രാജ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.പി.ശങ്കരന്, സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്തപ്രസാദ്, എന്‍.എസ്.എസ്.ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി.സമീറ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും.
പക്ഷാചരണത്തിന്റെ ഭാഗമായി സ്കൂളുകളില്‍ വായനദിന പ്രതിജ്ഞയെടുക്കും. വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. കാഴ്ച പരിമിതിയുള്ള സാക്ഷരത മിഷന് പഠിതാക്കള്‍ക്കായി ബ്രെയില്‍ വായന പരിപാടി സംഘടിപ്പിക്കും. കോളെജുകളില്‍ എന്‍.എസ്.എസിന്റെ ആഭിമുഖ്യത്തില്‍ വായനയെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ നടക്കും. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ എ.ഐ., ഡിജിറ്റല്‍ സാക്ഷരത പദ്ധതിയും നടത്തും.
വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം ജൂലൈ ആറിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്‍ ആസൂത്രണ സമിതി ഹാളില്‍ ഉദ്ഘാടനം ചെയ്യും. വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കും.
- Log in to post comments