Skip to main content
പകർച്ച വ്യാധി പ്രതിരോധം; വിദ്യാലയങ്ങളിലെ ഡ്രൈ ഡേ, ക്ലോറിനേഷൻ, പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു 

പകർച്ച വ്യാധി പ്രതിരോധം; വിദ്യാലയങ്ങളിലെ ഡ്രൈ ഡേ, ക്ലോറിനേഷൻ, പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു 

 

ജില്ലയിലെ സ്കൂളുകളിൽ വെള്ളിയാഴ്ചകളിൽ കൊതുകുജന്യ രോഗ നിയന്ത്രണത്തിനായി നടപ്പിലാക്കുന്ന ഡ്രൈ ഡേ ആചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ മുൻസിപ്പൽ സ്കൂളിൽ കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി ഇന്ദിര നിർവഹിച്ചു.

ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി പി ബിജോയ്‌ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി. കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ അഡ്വ. ലിഷ ദീപക്, ,വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സോന, ജില്ലാ വെക്ടർ ബോണ്‍ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ. കെ കെ ഷിനി, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ടി കെ രമ്യ, ടെക്നിക്കൽ അസിസ്റ്റന്റ് എം.ബി മുരളി, ബയോളജിസ്റ്റ് സി.പി രമേശൻ, മുൻസിപ്പൽ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക ജ്യോതി, ജില്ലാ ഡെപ്യൂട്ടി എജുക്കേഷൻ & മാസ് മീഡിയ ഓഫീസർ സുധീഷ് എന്നിവർ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി ക്ലീനിങ് ഡ്രൈവിന്റെയും കിണർ ക്ലോറിനേഷന്റെയും ഉദ്ഘാടനം മേയർ നിർവഹിച്ചു. ഡ്രൈ ഡേ സംബന്ധിച്ചും പകർച്ച വ്യാധി പ്രതിരോധവുമായും ബന്ധപ്പെട്ട പോസ്റ്ററുകൾ മേയർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് കൈമാറി പ്രകാശനം ചെയ്തു. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊതുക്ജന്യ രോഗ ബോധവൽക്കരണ പ്രദർശനവും നടന്നു. പകർച്ച വ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയുടെയും ജില്ലാ കലക്ടറുടെയും നിർദേശ പ്രകാരം ജില്ലയിലെ മുഴുവൻ സ്കൂളുകളിലും ഡ്രൈ ഡേ ആചരണം നടന്നു. ഉദ്ഘാടന പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ 200 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.

 ഡ്രൈ ഡേ യുമായി ബന്ധപ്പെട്ടു വീടുകൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ നടത്തേണ്ട പ്രവർത്തനങ്ങൾ 

1. ഡെങ്കിപനി പരത്തുന്ന ഈഡിസ് കൊതുകുകൾ പ്രധാനമായും മുട്ടയിട്ടു പെരുകുന്നത് വീട്ടിലെയും സ്ഥാപനത്തിന്റെയും പരിസരത്ത് ശുദ്ധജലം തങ്ങിനിൽക്കുന്ന ഇടങ്ങളിലാണ്. അത്തരം ഉറവിടങ്ങൾ നശിപ്പിക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്.

2. വീട്ടിനു ചുറ്റും അലക്ഷ്യമായി ഇട്ടിരിക്കുന്ന ചിരട്ട, ടിന്ന്‌, കുപ്പി, മുട്ടത്തോട്, തൊണ്ട് പ്ലാസ്റ്റിക് ഷീറ്റ്, ടയർ, പഴയ കളിപ്പാട്ടങ്ങൾ ,പ്ലാസ്റ്റിക് കപ്പ്, ആട്ടു കല്ല്, ചെടിച്ചട്ടി മുതലായ വസ്തുക്കളിൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക.

3. വെള്ളക്കെട്ടുകൾ മണ്ണിട്ട് നികത്തുകയോ വെള്ളമൊഴുക്കി കളയുകയോ ചെയ്യുക .

4. മരപ്പൊത്തുകൾ മണ്ണിട്ട് അടക്കുക.

5. ടെറസ്, സൺഷേഡ്, പാത്തി എന്നിവയിൽ കെട്ടി നിൽക്കുന്ന വെള്ളം തടസം നീക്കി ഒഴുക്കി കളയുക

6. കമുകിൻ പാളകൾ, മറ്റു മരത്തിന്റെ വലിയ ഇലകൾ എന്നിവ വെള്ളം തങ്ങി നിൽക്കാത്ത തരത്തിൽ നീക്കം ചെയ്യുക

7. അടപ്പില്ലാത്ത വെള്ള ടാങ്കുകൾ കൊതുകുവലകൾ കൊണ്ട് മൂടുക.

8. കുടിവെള്ള സംഭരണികൾ അടച്ചു വയ്ക്കുക

9. വാഴ, കൈത എന്നിവയുടെ ഇലകൾക്കിടയിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കുക.

10. റബ്ബർ പൽ ശേഖരിക്കുന്ന ചിരട്ട, കപ്പ് ഇവ ഉപയോഗശേഷം കമഴ്ത്തി വെക്കുക.

11. കിണറുകൾ കൊതുക് കടക്കാത്തവിധം വലയിട്ട് സുരക്ഷിതമാക്കുക.

12. കെട്ടി നിൽക്കുന്ന വെള്ളത്തിൽ മണ്ണെണ്ണ, കരിഓയിൽ ഇവ ഒഴിച്ച് കൂത്താടികളെ നശിപ്പിക്കുക.

13. കൊപ്ര ഡ്രയർ സമീപത്തു ചിരട്ടകൾ സൂക്ഷിക്കുന്നവർ ഷെഡ് നിർമ്മിക്കുക 

14. വെള്ളമെടുക്കുന്ന പാത്രങ്ങൾ, വെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ എന്നിവ ആഴ്ച്ചയിലൊരിക്കൽ കഴുകി ഉണക്കുക.

15. ഫ്രിഡ്ജ്, കൂളർ എന്നിവയുടെ അടിഭാഗത്തു ശേഖരിക്കുന്ന വെള്ളം യഥാസമയം ഒഴിവാക്കുക.

16. അക്വാറിയത്തിലെ വെള്ളം ഇടയ്ക്കിടെ മാറ്റുകയും കൂത്താടികളെ ഭക്ഷിക്കുന്ന ഗപ്പി, ഗംബൂസിയ, മാനത്തുകണ്ണി മത്സ്യങ്ങളെ നിക്ഷേപിക്കുകയും ചെയ്യുക.

17. അലങ്കാര ചെടികളുടെ ചട്ടി, ഫൂട്ട് ട്രേ, ഉപയോഗിക്കാത്ത വാഷ് ബേസിൻ, ക്ലോസറ്റ് എന്നിവിടങ്ങളിൽ എന്നിവിടങ്ങളിൽ കെട്ടി നിൽക്കുന്ന വെള്ളം മാറ്റുക.

18. പൂട്ടിക്കിടക്കുന്ന വീടുകളിൽ കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കുക.

19. കെട്ടിട നിർമാണ സ്ഥലങ്ങൾ, ലിഫ്റ്റ് കുഴികൾ എന്നിവിടങ്ങളിൽ കെട്ടി നിൽക്കുന്ന വെള്ളം ഒഴിവാക്കുക.

date