Skip to main content

തെരുവുനായ ശല്യം: സമഗ്ര പദ്ധതിയുമായി ആസൂത്രണ സമിതി

 

തെരുവുനായ പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് സമഗ്ര പദ്ധതി നടപ്പാക്കാൻ ജില്ലാ ആസൂത്രണ സമിതി തീരുമാനിച്ചു. ജില്ലാ പ്ലാൻ രൂപീകരണവുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് തീരുമാനം.

ആനിമൽ ബർത്ത് കൺട്രോൾ (എബിസി) പ്രോഗ്രാം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കും. ഇതിൻ്റെ ഭാഗമായി കൂടുതൽ ഡോഗ് ക്യാച്ചേഴ്സിനെ സജ്ജമാക്കും. വന്ധീകരണം നടത്തുന്ന നായകൾക്കായി സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കൂടുതൽ ഷെൽട്ടർ സംവിധാനങ്ങൾ ഒരുക്കാനും തീരുമാനിച്ചു.

വീടുകളിൽ വളർത്തുന്ന നായകളുടെ വാക്സിനേഷനും ലൈസൻസിംഗും നിർബന്ധമാക്കും.  തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന്  ലൈസൻസ് എടുക്കാത്ത നായകളെ വളർത്തിയാൽ അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.  മൃഗഡോക്ടറുടെ മേൽനോട്ടത്തിൽ പേവിഷബാധയ്‌ക്കെതിരെയുള്ള ആൻ്റി-റാബിസ് വാക്സിൻ നിർബന്ധമായും എടുത്തിരിക്കണം. ഇതിൻ്റെ വിവരങ്ങൾ അടങ്ങിയ കാർഡ് സൂക്ഷിക്കേണ്ടതാണ്.

കുത്തിവെപ്പെടുത്ത നായകളിൽ കൃത്യമായ തിരിച്ചറിയലിനായി മൈക്രോചിപ്പുകൾ ഘടിപ്പിക്കും. മൈക്രോചിപ്പ് ഘടിപ്പിച്ചാൽ നായകളെ തെരുവിൽ ഉപേക്ഷിക്കുന്നവരെ എളുപ്പം കണ്ടെത്താനാകും. നായയുടെ പേര്, ഇനം, ഉടമസ്ഥൻ്റെ പേര്, വിലാസം എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഡേറ്റാബേസുമായി ബന്ധിപ്പിക്കും.

തെരുവുനായകൾക്കും വളർത്തുനായകൾക്കും ജില്ലയിൽ സമ്പൂർണ വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കും. മൃഗസംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. വാക്സിനേഷനും ലൈസൻസിംഗും ത്വരിതപ്പെടുത്തുന്നതിനൊപ്പം പ്രതിമാസ പരിശോധനകൾ കർശനമാക്കാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജി പ്രിയങ്ക, ജില്ലാ പ്ലാനിങ് ഓഫീസർ ജി. ഉല്ലാസ് എന്നിവർ  പങ്കെടുത്തു.

date