ജില്ലയില്‍ 792 സ്റ്റുഡന്റ് മെന്റര്‍മാര്‍ക്ക് കൈറ്റ് പരിശീലനം നല്‍കി
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 'ലിറ്റില്‍ കൈറ്റ്‌സ്' ഐടി ക്ലബ്ബുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയവും ഫലപ്രദവുമാക്കാന്‍ ലക്ഷ്യമിട്ട് പുതിയ 'സ്റ്റുഡന്റ് മെന്റര്‍' പദ്ധതിക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ് ) തുടക്കം കുറിച്ചു. നിലവില്‍ ജില്ലയിലെ 192 സ്‌കൂള്‍ യൂണിറ്റുകളിലായി 7740 കുട്ടികള്‍ ലിറ്റില്‍ കൈറ്റ്‌സില്‍ അംഗങ്ങളാണ്. പദ്ധതിയുടെ ഭാഗമായി 404 അധ്യാപകര്‍ ജില്ലയില്‍ കൈറ്റ് മെന്റര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ട് . ഇതിനു പുറമെയാണ് പത്ത് കുട്ടികള്‍ക്ക് ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ ജില്ലയിലെ 192 യൂണിറ്റുകളില്‍ നിന്നുമായി 792 'സ്റ്റുഡന്റ് മെന്റര്‍മാരെ' തിരഞ്ഞെടുത്തത്.
കേവലം സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിനപ്പുറം, കുട്ടികളില്‍ സഹാനുഭൂതിയും വിനിമയ പാടവവും വളര്‍ത്തിയെടുക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സ്റ്റുഡന്റ് മെന്റര്‍മാര്‍ക്കുള്ള ആദ്യ ശില്പശാലയില്‍ ഓണ്‍ലൈന്‍ ആയി സംവദിച്ച കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് പറഞ്ഞു .
ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിലെ പ്രവര്‍ത്തന മികവ്, നേതൃത്വപാടവം, സഹജീവികളോടുള്ള താല്പര്യം, ആശയവിനിമയ ശേഷി, സാങ്കേതിക പരിജ്ഞാനം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒന്‍പതാം ക്ലാസിലെ അംഗങ്ങളില്‍ നിന്നാണ് സ്റ്റുഡന്റ് മെന്റര്‍മാരെ തെരഞ്ഞെടുത്തത്. യൂണിറ്റിലെ അംഗസംഖ്യയ്ക്ക് അനുസൃതമായി രണ്ടു മുതല്‍ നാലു വരെ മെന്റര്‍മാരാണ് ഓരോ സ്‌കൂളിലും ഉണ്ടാകുക. തങ്ങളുടെ ഗ്രൂപ്പിലുള്ള പത്ത് കൂട്ടുകാര്‍ക്കും ഐ.ടി.ഉള്‍പ്പെടെയുള്ള പാഠഭാഗങ്ങള്‍ കൃത്യമായി മനസ്സിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ക്ലാസുകളില്‍ അധ്യാപകരെ സഹായിക്കുക, ക്ലബ്ബിന്റെ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്നിവയാണ് ഇവരുടെ പ്രധാന ചുമതലകള്‍. കൂടാതെ ഡിജിറ്റല്‍ തുല്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ ലാപ്‌ടോപ്പോ സ്മാര്‍ട്ട്‌ഫോണോ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അവര്‍ക്ക് സ്‌കൂള്‍ ലാബുകളില്‍ പ്രത്യേക സൗകര്യം ഒരുക്കാനും ഈ സ്റ്റുഡന്റ് മെന്റര്‍മാര്‍ മുന്‍കൈ എടുക്കും.
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി നെറ്റ്വര്‍ക്ക് ആണ് യൂണിസെഫിന്റെ വരെ പ്രശംസ പിടിച്ചു പറ്റിയ 'ലിറ്റില്‍ കൈറ്റ്‌സ് '. സ്റ്റുഡന്റ് മെന്റര്‍മാര്‍ക്ക് കൈറ്റ് തുടര്‍ പരിശീലനങ്ങള്‍ നല്‍കും.
- Log in to post comments