Skip to main content

കാർത്തികപ്പള്ളി താലൂക്ക്  സേവനസ്പർശം ജനുവരി 20ന്്

വില്ലേജ്, പഞ്ചായത്ത് ഓഫീസുകൾ
ഇന്നും നാളെയും പ്രവർത്തിക്കും

ആലപ്പുഴ: കടൽ - പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട  ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും പഞ്ചായത്ത് ഓഫീസുകളും ഇന്നും (ഡിസം.2) നാളെയും (ഡിസം.3) തുറന്നു പ്രവർത്തിക്കുമെന്ന് ജില്ലാ കളക്ടർ ടി.വി. അനുപമ അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ഇതു സംബന്ധിച്ച നിർദ്ദേശം എല്ലാ തഹസീൽദാർമാർക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്കും നൽകിയിട്ടുണ്ട്. തീരദേശ വില്ലേജ് ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും നാളെ (ഡിസം.3) വരെ രാത്രികാല ഡ്യൂട്ടിക്കായി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. 

(പി.എൻ.എ.2908/17)

.
ജില്ലാതല എയ്ഡ്‌സ് ദിനാചരണം 
സംഘടിപ്പിച്ചു

ആലപ്പുഴ: എച്ച്.ഐ.വി. അണുബാധ പ്രതിരോധിക്കുക, എച്ച്.ഐ.വി. ബാധിതരെ സമൂഹത്തിൽ ഒറ്റപ്പെടുത്താതിരിക്കുക, സാമൂഹിസുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ലോക എയ്ഡ്‌സ് ദിനാചരണം നടത്തി. എന്റെ ആരോഗ്യം എന്റെ അവകാശം എന്ന സന്ദേശത്തോടെ ആരോഗ്യ പ്രവർത്തകർ, ആശ-അങ്കണവാടി പ്രവർത്തകർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ നടത്തിയ റാലിയും പൊതുസമ്മേളനവും മുതുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.എസ്. സുജിത് ലാൽ ഉദ്ഘാടനം ചെയ്തു. 

മുതുകുളം ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ശ്രീകുമാരി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ അംബുജാക്ഷി ടീച്ചറുടെ നേതൃത്വത്തിൽ ചടങ്ങിൽ മെഴുകുതിരികൾ തെളിയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അനന്ദൻ എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഡി. വസന്തദാസ് മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ജമുനാ വർഗ്ഗീസ്, മെഡിക്കൽ ഓഫീസർമാരായ ഡോ. ആശിഷ്, ഡോ. ആനന്ദ്, ഡോ. നോപുര, ഡോ. ശില്പ, ജില്ലാ മാസ് മീഡിയ ഓഫീസർ ജി. ശ്രീകല, ഹെൽത്ത് സൂപ്പർവൈസർ പി. സൈനുദീൻ എന്നിവർ പ്രസംഗിച്ചു. കൊല്ലം അശ്വതി ഭാവന, കോളേജ് ഓഫ് നഴ്‌സിങ്, ഗവ.മെഡിക്കൽ കോളജ് എന്നിവർ വിവിധ ബോധവൽക്കരണ കലാരൂപങ്ങൾ അവതരിപ്പിച്ചു. 

                                                             

(പി.എൻ.എ.2909/17)

സ്ത്രീകൾക്കും കുട്ടികൾക്കും 
സംരക്ഷണമൊരുക്കാൻ ഭൂമിക 

 

ആലപ്പുഴ: ഗാർഹിക പീഡനം ലൈംഗികാതിക്രമം തുടങ്ങിയവയിൽനിന്നും ജില്ലയിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഭൂമികയുടെ സംരക്ഷണം ലഭിക്കും. അതിക്രമങ്ങൾക്ക് ഇരകളാകുന്നവർക്കുള്ള ആരോഗ്യപരിചരണത്തോടൊപ്പം നിയമസഹായവും താമസ സൗകര്യവും ഭൂമിക ലഭ്യമാക്കും. കൗൺസിലിംഗ്, റഫറൽ സേവനം എന്നിവ നൽകും. സാമൂഹികക്ഷേമവകുപ്പ്, വനിതാസെൽ, ജാഗ്രതാ സമിതി, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണവും ഉറപ്പു വരുത്തും. ഭൂമികയുടെ സേവനത്തിനായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ ജി.ബി.വി.എം. സെന്ററുമായി ബന്ധപ്പെടണം. ഫോൺ-9946193330. 
.
                                                              

(പി.എൻ.എ.2910/17)

അസോസിയേറ്റ്, ഡാറ്റാ എൻട്രി 
ഓപ്പറേറ്റർ നിയമനം: ഇന്റർവ്യൂ ഏഴിന്

ആലപ്പുഴ: ജില്ലാ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ പ്ലാനിങ് ഓഫീസിൽ അസോസിയേറ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെ കരാറടിസ്ഥാനത്തിൽ പരമാവധി മൂന്നു മാസത്തേയ്ക്ക് നിയമിക്കുന്നു. ജില്ലയിൽ സ്ഥിരതാമസമുള്ള ഉദ്യോഗാർഥികളെയാണ് പരിഗണിക്കുക. പ്രോജക്ട് അസോസിയേറ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഇക്കണോമിക്‌സ്/മാത്ത്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/കോമേഴ്‌സ് ഇവയിലെതെങ്കിലും ബിരുദാനന്തര ബിരുദവും മലയാള ഭാഷയിൽ പ്രവീണ്യവും വികസന റിപ്പോർട്ടുകൾ വായിച്ച് എഡിറ്റ് ചെയ്യുന്നതിനുള്ള പ്രായോഗിക പരിജ്ഞാനവുമുണ്ടായിരിക്കണം. ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് സർക്കാർ/പി.എസ്.സി. അംഗീകൃത യോഗ്യതയും മലയാളത്തിൽ ഇൻസ്‌ക്രിപ്ട് ടൈപ്പിങിൽ പ്രവീണ്യവുണ്ടായിരിക്കണം. പ്രോജക്ട് അസോസിയേറ്റ് ഉദ്യോഗാർഥികൾ ഡിസംബർ അഞ്ചിന് രാവിലെ 11നും ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഉദ്യോഗാർഥികൾ ഡിസംബർ ഏഴിന് രാവിലെ 11നും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ആലപ്പുഴ സിവിൽ സ്‌റ്റേഷനിലെ ജില്ലാ ആസൂത്രണ മന്ദിരത്തിൽ നടക്കുന്ന വാക്- ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. 

                                                              (പി.എൻ.എ.2911/17)

 

ആലപ്പുഴ: ജില്ലാ കളക്ടർ ടി.വി. അനുപമയുടെ നേതൃത്വത്തിൽ കാർത്തികപ്പള്ളി താലൂക്കിലെ പൊതുജനപരാതി പരിഹാര പരിപാടി സേവനസ്പർശം ജനുവരി 20ന് നടക്കും. ഹരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന അദാലത്തിൽ  ഭൂനികുതി , ഭൂമിയുടെ തരംമാറ്റം/പരിവർത്തനം, റേഷൻ കാർഡ് മാറ്റം എന്നിവയൊഴികെയുള്ള പരാതി സ്വീകരിച്ച് തീർപ്പാക്കും. അപേക്ഷകൾ ജനുവരി അഞ്ചിന് വൈകിട്ട് അഞ്ചുവരെ വില്ലേജ്, താലൂക്ക്, ആർ.ഡി.ഒ. ഓഫീസുകളിലും കളക്ടറേറ്റിലും സ്വീകരിക്കും. www.sevanasparsham.in  എന്ന വിലാസത്തിൽ  ഓൺലൈനായും അപേക്ഷ നൽകാം. വേദിയിൽ നേരിട്ടും പരാതികൾ സ്വീകരിക്കും.

(പി.എൻ.എ.2912/17)

 

ചേർത്തല പോളിടെക്‌നിക്കിൽ 
അധ്യാപക നിയമനം  

ആലപ്പുഴ: ചേർത്തല ഗവൺമെന്റ് പോളിടെക്‌നിക്ക് കോളജിൽ  താത്ക്കാലിക അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നീ വിഭാഗങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. അതത് വിഭാഗത്തിൽ ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയം അഭികാമ്യം.  താൽപര്യമുള്ളവർ ഡിസംബർ ആറിന് ഉച്ചയ്ക്ക്് രണ്ടിന് നടക്കുന്ന എഴുത്തുപരീക്ഷയിലും, കൂടിക്കാഴ്ച്ചയിലും പങ്കെടുക്കുന്നതിന് അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. വിശദവിവരത്തിന് ഫോൺ: 0478 2813427, 2811271.
(പി.എൻ.എ.2913/17)

അധ്യാപക യോഗ്യത ഉള്ളവർ ബന്ധപ്പെടണം

ആലപ്പുഴ: കുട്ടനാട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ പരിധിയിൽ കെ.റ്റി.ഇ.റ്റി./ സി.റ്റി.ഇ.റ്റി./സെറ്റ്/നെറ്റ്/പി.എച്ച്.ഡി./എം.ഫിൽ യോഗ്യതയുള്ള 18നും 40നും മധ്യേ പ്രായമുള്ളവർ ഡിസംബർ നാലിനകം കുട്ടനാട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് എത്തണം.

 (പി.എൻ.എ.2911/17)

ഇലക്ഷൻ ക്വിസ്
മത്സരം നാലിന്

ആലപ്പുഴ: നാഷണൽ ഇലക്ഷൻ ക്വിസ് ജില്ലാതല മത്സരം വിവിധ താലൂക്കുകളിൽ ഡിസംബർ നാലിന് വൈകിട്ട് മൂന്നു മുതൽ നാലു വരെ നടക്കും. ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിൽ യഥാക്രമം എസ്.എൻ.എം.ജി.ബി.എച്ച്.എസ്.എസ്.,എസ്.എഡി.വി. ബോയ്‌സ് എച്ച്.എസ്.എസ്, താലൂക്ക് കോൺഫറൻസ് ഹാൾ, മുൻസിപ്പൽ കമ്മ്യൂണിറ്റി ഹാൾ, ഗവൺമെന്റ് റ്റി.റ്റി.ഐ, മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് മത്സരം നടക്കുക. മത്സരത്തിലേക്ക് തെരഞ്ഞടുത്തിട്ടുള്ള സ്‌കൂളുകൾ അതത് താലൂക്ക് ഓഫീസർമാരുമായി ബന്ധപ്പെടണം.
(പി.എൻ.എ.2912/17)

date