Skip to main content

ഷിഗല്ല രോഗത്തിനെതിരെ ജാഗ്രത വേണം

ജില്ലയില്‍  ഷിഗല്ല  സ്ഥിരീകരിച്ച  സാഹചര്യത്തില്‍  ജാഗ്രത വേണമെന്ന്  ജില്ലാമെഡിക്കല്‍  ഓഫീസര്‍   ഡോ. എല്‍ അനിതകുമാരി
. രോഗം സ്ഥിരീകരിച്ചയുടന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍  രോഗനിരീക്ഷണവും  പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി. വയറിളക്കം, ഛര്‍ദി തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികില്‍സ  തേടണം.  കുട്ടികളിലും പ്രായമായവരിലും  രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍  പ്രത്യേക  ശ്രദ്ധയും ജാഗ്രതയും  വേണം.
ഷിഗല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതു മൂലം ഉണ്ടാക്കുന്ന ഒരിനം അണുബാധയാണ് ഷിഗല്ല രോഗം. വയറിളക്കം, ഛര്‍ദി എന്നിവയാണ് പ്രധാന ലക്ഷണം. കുടലിന്റെ ആവരണത്തെ ബാക്ടീരിയ ബാധിക്കുകയും അവിടെ തകരാര്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
രോഗാണുക്കള്‍ അടങ്ങിയ മലിനജലം കുടിക്കുന്നതിലൂടെയും മലിനജലത്തില്‍ തയ്യാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് പ്രധാനമായും രോഗം പകരുന്നത്. രോഗിയുടെ വിസര്‍ജ്യത്തില്‍ നിന്നുള്ള ബാക്ടീരിയ മറ്റൊരാളുടെ ഉള്ളില്‍ എത്തുമ്പോഴും വ്യക്തിശുചിത്വം പാലിക്കാത്തതു മൂലവും രോഗബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും തുറസായ സ്ഥലങ്ങളിലെ വിസര്‍ജനം മൂലം ഈച്ചകളും  മറ്റും വഴി ബാക്ടീരിയ ഭക്ഷണത്തിലും കുടിവെള്ളത്തിലും എത്തുമ്പോഴും അണുബാധ ഉണ്ടാകാം.
ആഹാരം പാകം ചെയ്യുന്നതിന് മുമ്പും ഭക്ഷണം കഴിക്കുന്നതിനു മുമ്പും മലവിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണം. ഭക്ഷണം എപ്പോഴും അടച്ച് സൂക്ഷിക്കണം.  പഴകിയതും തുറന്നു വച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കര്‍ശനമായും ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം.
രോഗികള്‍ക്ക് പ്രത്യേക ശുചിമറിസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.  കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ സുരക്ഷിതമായി സംസ്‌കരിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

date