Skip to main content
a

പകര്‍ച്ചവ്യാധി ബോധവല്‍കരണ ദിനം ആചരിച്ചു മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സിന്ധു അനില്‍; പകര്‍ച്ചവ്യാധി ബോധവല്‍ക്കരണം വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണം: ജില്ല കലക്ടര്‍

ആരോഗ്യവകുപ്പിന്റെയും ശുചിത്വമിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പകര്‍ച്ചവ്യാധി ബോധവല്‍ക്കരണ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം തൈക്കാവ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ നിര്‍വഹിച്ചു. മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും വീടും പരിസരവും ശുചിത്വമാക്കുക എന്നത് ഓരോരുത്തരുടെയും കടമയാണെന്നും അവര്‍ ചൂണ്ടികാട്ടി. വൈസ് ചെയര്‍പേഴ്സണ്‍ എ സഗീര്‍ അധ്യക്ഷനായി.
പകര്‍ച്ചവ്യാധി ബോധവല്‍കരണം വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണമെന്ന് മുഖാതിഥിയായി പങ്കെടുത്ത ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ അഭിപ്രായപ്പെട്ടു. ഷിഗെല്ല സ്ഥിരീകരിച്ച എഴിക്കാട് ഉന്നതിയില്‍ ആരോഗ്യവകുപ്പ് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് പരിശോധന ഉറപ്പാക്കും. പകര്‍ച്ചവ്യാധി ശുചിത്വ കാമ്പയിനില്‍ മുന്‍നിര പോരാളികളായി വിദ്യാര്‍ഥികള്‍ മാറണമെന്ന് അദ്ദേഹം പറഞ്ഞു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് പകര്‍ച്ചവ്യാധി ബോധവല്‍കരണ ദിനം ആചരിച്ചത്. ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആഴ്ചയില്‍ അവലോകനം ചെയ്യും.
ആരോഗ്യവകുപ്പ്, ശുചിത്വമിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഷിഗെല്ല രോഗബാധ, ശുചിത്വം, ശരിയായ കൈകഴുകല്‍ ശീലങ്ങള്‍ എന്നിവ സംബന്ധിച്ച് ബോധവല്‍കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. വിദ്യാര്‍ഥികളില്‍ പകര്‍ച്ചവ്യാധി ബോധവല്‍കരണ സന്ദേശവും ശരിയായ കൈകഴുകല്‍ സംബന്ധിച്ച ബോധവല്‍കരണവും പകരുകയാണ് ലക്ഷ്യം.
നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സജിനി മോഹന്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ആശ മോഹന്‍രാജ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അന്‍സര്‍ മുഹമ്മദ്, അംഗങ്ങളായ എസ് ഫാത്തിമ, നജീം രാജ്, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി രാജേഷ് കുമാര്‍, ശുചിത്വ മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ കെ എം വിനീത്, പ്രോഗ്രാം ഓഫീസര്‍ കെ. ആര്‍ അജയ്, നഗരസഭ സെക്രട്ടറി ടി എന്‍ സിനി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ ബീന എന്നിവര്‍ പങ്കെടുത്തു. ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.

തിരുവല്ല നഗരസഭയില്‍ കാമ്പയിന്‍  ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ എസ് ലേഖ  സര്‍ക്കാര്‍ മോഡല്‍ ഹൈസ്‌കൂളില്‍ ചടങ്ങില്‍ നിര്‍വഹിച്ചു.  ഷിഗെല്ല രോഗത്തെക്കുറിച്ചും രോഗം പകരുന്ന രീതികള്‍, രോഗലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, വ്യക്തിശുചിത്വം, സുരക്ഷിതമായ ഭക്ഷണവും കുടിവെള്ളവും, ശരിയായ കൈകഴുകല്‍ ശീലം എന്നിവയെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രതീഷ് ബോധവല്‍കരണ ക്ലാസ് എടുത്തു. കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ കാമ്പയിന്‍ ഉദ്ഘാടനം സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പാലയ്ക്കത്തകിടിയില്‍  വൈസ് പ്രസിഡന്റ് അഡ്വ. പ്രിനി നിര്‍വഹിച്ചു.
കോന്നി ഗ്രാമപഞ്ചായത്തിലെ പകര്‍ച്ചവ്യാധി പ്രതിരോധ ദിന പരിപാടി കോന്നി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍  വൈസ് പ്രസിഡന്റ്  ശോഭ മുരളി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ഇന്ദുകല, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഫെബിന്‍, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഞ്ജിത എന്നിവര്‍ പങ്കെടുത്തു. ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പ്രദീപ്, റിസോഴ്‌സ് പേഴ്‌സണ്‍ ആതിര ജയകുമാര്‍ എന്നിവര്‍ ക്ലാസ്സ് നയിച്ചു.
അടൂര്‍ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ബോധവല്‍കരണ പരിപാടിക്ക് തുടക്കമായി. അടൂര്‍ സര്‍ക്കാര്‍ യു പി സ്‌കൂളില്‍ നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ എ എസ് പ്രമോദ് ക്ലാസ് നയിച്ചു.

ചിത്രം: 

പകര്‍ച്ചവ്യാധി ബോധവല്‍ക്കരണ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം തൈക്കാവ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ നിര്‍വഹിക്കുന്നു

 

date