Skip to main content

മുൻഗണനാ (പിങ്ക്) റേഷൻ കാർഡിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു

 

സംസ്ഥാനത്ത് മുൻഗണനാ (പിങ്ക്) വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഉൾപ്പെടുത്തുന്നതിനായി അർഹരായ മുൻഗണനേതര (വെള്ള, നീല) റേഷൻ കാർഡ് ഉടമകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ  പൊതുജന സേവന കേന്ദ്രങ്ങൾ മുഖാന്തിരമോ അല്ലെങ്കിൽ ecitizen.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലെ സിറ്റിസൺ ലോഗിൻ വഴിയോ ഓൺലൈനായി സമർപ്പിക്കണം. 

ജൂൺ 27 മുതൽ ജൂലൈ 17 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം. നിർധനരും നിരാലംബരുമായ സ്ത്രീ ഗൃഹനാഥയായ കുടുംബങ്ങൾ, വിധവയായ സ്ത്രീ ഗൃഹനാഥയായ (21 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാരില്ലാത്ത) കുടുംബങ്ങൾ, അവിവാഹിതയായ അമ്മ, ഉപേക്ഷിക്കപ്പെട്ട സ്ത്രീ എന്നിവരാൽ നയിക്കപ്പെടുന്ന കുടുംബങ്ങൾക്കാണ് അപേക്ഷിക്കുവാൻ അർഹതയുള്ളത്.

കുട്ടിയുടെ ദത്ത് നടപടികൾ: അവകാശികൾ 30 ദിവസത്തിനകം അറിയിക്കണം

എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് കീഴിൽ  ഹോളിക്രോസ് എൻട്രി  ഹോമിൽ താമസിപ്പിച്ചിരിക്കുന്ന സഞ്ജിത ഗിരി എന്ന പെൺകുട്ടിയുടെ, ദത്ത് നൽകുന്നതിനുള്ള നിയമപരമായ നടപടികൾ ആരംഭിക്കുന്നു. ഈ കുട്ടിയുടെ രക്ഷാകർതൃത്വവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അവകാശവാദങ്ങൾ ഉള്ളവർ വിജ്ഞാപന തീയതിയായ ജൂൺ 29 മുതൽ 
30 ദിവസത്തിനകം ആവശ്യമായ തെളിവുകൾ സഹിതം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ ബന്ധപ്പെടേണ്ടതാണ്. 

നിശ്ചിത സമയപരിധിക്കുള്ളിൽ ആരും അവകാശവാദം ഉന്നയിക്കാത്ത പക്ഷം കുട്ടിയ്ക്ക് നിയമപരമായ മറ്റ് അവകാശികൾ ആരുമില്ലെന്ന് കണക്കാക്കി ദത്ത് നൽകുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കും.
ഫോൺ: 0484 2959177, 8157828858.

അയ്യങ്കാളി മെമ്മോറിയൽ സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ ആഭിമുഖ്യത്തിൽ ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്കോളർഷിപ്പിന് അർഹരായ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ അല്ലെങ്കിൽ എയ്ഡഡ് സ്കൂളുകളിൽ നിലവിൽ 5, 8 ക്ലാസുകളിൽ പഠിക്കുന്നതും, കഴിഞ്ഞ വർഷം 4, 7 ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും 'എ' ഗ്രേഡ് ലഭിച്ചതുമായ കുട്ടികൾക്കാണ് അവസരം; എന്നാൽ വേടൻ, നായാടി, കല്ല്യാടി, പണിയ/അരനാടൻ തുടങ്ങിയ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് 'ബി' ഗ്രേഡ് മതിയാകും. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. താല്പര്യമുള്ളവർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം അതത് കോർപ്പറേഷൻ/മുനിസിപ്പാലിറ്റി/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ജൂലൈ 15 നകം അപേക്ഷ സമർപ്പിക്കണം. 

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഐ.ഐ.ടി/എൻ.ഐ.ടി എൻട്രൻസ് പരിശീലനം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഒരു വർഷത്തെ ഐ.ഐ.ടി/എൻ.ഐ.ടി എൻട്രൻസ് പരിശീലനം നൽകുന്നതിനായുള്ള സർക്കാർ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കണ്ടറി  അല്ലെങ്കിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത് സ്എന്നീ വിഷയങ്ങൾക്ക് 85% മാർക്കോ അതിന് മുകളിലോ നേടി വിജയിച്ചവർക്കാണ് അവസരം.
 മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും ഫിഷറീസ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം ഐഡി
(FIMS ID) ഉള്ളതുമായ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷാഫോറം ജൂലൈ 15 ന് മുൻപായി അതത് ജില്ലാ ഫിഷറീസ് ഓഫീസിലോ മത്സ്യഭവൻ ഓഫീസുകളിലോ സമർപ്പിക്കേണ്ടതാണ്. ഒരു വിദ്യാർത്ഥിക്ക് ഒരു തവണ മാത്രമേ ഈ ആനുകൂല്യത്തിന് അർഹതയുണ്ടാവുകയുള്ളൂ .

 

ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ്: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ (SRC) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനിൽ ആരംഭിക്കുന്ന 'ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ്' പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://app.srccc.in/register എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ജൂലൈ 15.   കൂടുതൽ വിവരങ്ങൾക്ക് www.srccc.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0471 2570471, 9846033009 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പുതുതായി പണി കഴിപ്പിച്ച, നിലവിൽ പ്രവർത്തനമാരംഭിക്കാത്ത പോസ്റ്റ്‌മെട്രിക് ബോയ്‌സ് ഹോസ്റ്റൽ കെട്ടിടം പൂർണ്ണമായും ഡീപ് ക്ലീൻ ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 10 ന്  വൈകുന്നേരം 3 മണിക്ക് മുൻപായി കാക്കനാട് സിവിൽ സ്റ്റേഷനിലെ എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.

 ഫോൺ:0484-2394476

 

ആരോഗ്യ ഭേരി:വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുന്നു

 എറണാകുളം ജില്ല നടപ്പിലാക്കുന്ന ആരോഗ്യഭേരി
പകർച്ച വ്യാധി പ്രതിരോധ ക്യാമ്പയിനിൻ്റെ പ്രചരണാർത്ഥം ആരോഗ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലെ ഹൈസ്കൂൾ /ഹയർ സെക്കണ്ടറി / കോളേജ് വിദ്യാർത്ഥികൾക്കായി  ആരോഗ്യ ഭേരി ക്യാമ്പയിനിൽ പങ്കാളികളാകാം പ്രതിരോധ ശീലങ്ങൾ പാലിച്ചുകൊണ്ട്
എന്ന വിഷയത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുന്നു.മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ
ഡിജിറ്റൽ പോസ്റ്റർ
തയ്യാറാക്കി ജൂലൈ 2 വ്യാഴം ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി competitionsdmohekm@gmail.com എന്ന ഇ മെയിലിൽ അയക്കേണ്ടതാണ്.ഒരു വ്യക്തിക്ക് പരമാവധി മൂന്നു പോസ്റ്റർ ചെയ്തയക്കാം.
പോസ്റ്റർ എൻട്രികൾ മലയാളത്തിൽ ആയിരിക്കണം. ഫയലുകൾ PDF അല്ലെങ്കിൽ JPEG ആയി അപ്‌ലോഡ് ചെയ്യുക. ഇമെയിൽ അയക്കുമ്പോൾ പേര്,സ്ഥലം,മൊബൈൽ നമ്പർ എന്നിവ നിർബന്ധമായും പരാമർശിക്കുക. വിജയികൾക്ക് സമ്മാനം നൽകുന്നതാണ്.

date