Skip to main content

കെട്ടികിടക്കുന്ന തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ ഒരു മാസം നീളുന്ന കർമ്മപദ്ധതി

 

ജില്ലയിൽ കെട്ടിക്കിടക്കുന്ന ഭൂമി തരംമാറ്റ അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കാൻ ജൂലൈ ഒന്നു മുതൽ 30 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന കർമ്മപദ്ധതി നടപ്പാക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർദ്ദേശം നൽകി. 

 

തരംമാറ്റ നടപടികൾ വേഗത്തിലാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു  ജില്ലാ കളക്ടർ. 

 

ജനങ്ങളുടെ ഈ ആവശ്യങ്ങൾ സമയബന്ധിതമായി തീർപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.  കർമ്മപദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ജൂൺ 30 നകം വില്ലേജ് ഓഫീസർമാർ, കൃഷി ഓഫീസർമാർ എന്നിവരുടെ പ്രത്യേക യോഗം വിളിച്ച് ചേർത്ത് അവരുടെ പ്രായോഗിക വെല്ലുവിളികൾക്ക് പരിഹാരം കാണും. ജീവനക്കാരുടെ കുറവ് നികത്താൻ ഡെപ്യൂട്ടി കളക്ടർമാരുടെ ആവശ്യാനുസരണം ക്ലർക്കുമാരെയും ജൂനിയർ സൂപ്രണ്ടുമാരെയും പുനർവിന്യസിക്കും. ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ വ്യക്തമായ ടാർഗെറ്റുകൾ നൽകി  'വർക്ക് ഫ്രം ഹോം' സൗകര്യം അനുവദിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. 

 

ഓരോ ദിവസവും തീർപ്പാക്കിയ കേസുകളുടെ എണ്ണം ഡെപ്യൂട്ടി കളക്ടർമാർ ജില്ലാ കളക്ടറെ നേരിട്ട് അറിയിക്കണം. ഇതിന് പുറമേ ആഴ്ചയിലൊരിക്കൽ കൃത്യമായ അവലോകന യോഗങ്ങളും ചേരും. സ്ഥലപരിശോധന വേഗത്തിലാക്കാൻ താൽക്കാലിക അടിസ്ഥാനത്തിൽ വാഹനങ്ങൾ വാടകക്കെടുക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. 

 

കൃഷി ഓഫീസർമാർ നിരസിക്കുന്ന അപേക്ഷകളിൽ നിർബന്ധമായും അതാത് സ്ഥലങ്ങളുടെ ജിയോ ടാഗ് ചെയ്ത ചിത്രങ്ങൾ രേഖയായി നൽകണം. കോടതി നടപടികളിലുള്ള കേസുകൾ കൃത്യമായി നിരീക്ഷിക്കുന്നതിനായി എല്ലാ താലൂക്ക് ഓഫീസുകളിലും സ്യൂട്ട് രജിസ്റ്റർ സൂക്ഷിക്കാനും യോഗത്തിൽ നിർദ്ദേശിച്ചു.  

 

ഓരോ ഫയലിലും ഓരോ ജീവിതമാണുള്ളതെന്നും, ഭൂരിഭാഗം ആളുകളും തങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്കായി ഭൂമി കൈമാറ്റം ചെയ്യേണ്ടി വരുമ്പോഴാണ് തരംമാറ്റത്തിനായി ഓഫീസുകളെ സമീപിക്കുന്നതെന്നും അതിനാൽ അപേക്ഷകൾ അനുഭാവപൂർവം
പരിഗണിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. 

ജില്ലയിൽ ഇതുവരെ 76,800 തരംമാറ്റ അപേക്ഷകൾ തീർപ്പാക്കി.  നിലവിൽ വിവിധ താലൂക്കുകളിലായി ആകെ 59,937 അപേക്ഷകളാണ്  തീർപ്പാക്കാനുള്ളത്. ഇതിൽ കണയന്നൂർ താലൂക്കിൽ 14,606 കേസുകളും, ആലുവയിൽ 12,011 കേസുകളും, പറവൂരിൽ 11,274 കേസുകളും, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലായി 8,906 കേസുകളും, കുന്നത്തുനാട്ടിൽ 8,879 കേസുകളും, ഫോർട്ട് കൊച്ചിയിൽ 4,261 കേസുകളുമാണ് തീർപ്പാക്കാനുള്ളത്. 

കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ്, സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, ഡെപ്യൂട്ടി കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

date