Skip to main content

യുവ ആപ്ദ മിത്ര ദുരന്തനിവാരണ പരിശീലനം തുടങ്ങി

 

ദേശീയ ദുരന്തനിവാരണ അതോറിറ്റി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ സന്നദ്ധപ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന യുവ ആപ്ദ മിത്ര ദുരന്തനിവാരണ പരിശീലന പരിപാടിക്ക് ചേർത്തല എൻ.എസ്.എസ്. യൂണിയൻ ഹാളിൽ തുടക്കമായി. ചേർത്തല മുനിസിപ്പൽ ചെയർപേഴ്സൺ എസ്. സോബിൻ പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലാ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ എസ്. ബിജു, സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലാ കോ-ഓർഡിനേറ്റർ ജോൺ കോശി, പ്രവീൺ, ഹസാർഡ് അനലിസ്റ്റ് സി. ചിന്തു, എൽ.എസ്.ജി. ദുരന്തനിവാരണ പ്ലാൻ കോ-ഓർഡിനേറ്റർ എസ്. രാഹുൽ കുമാർ, യുവ ആപ്ദ മിത്ര മാസ്റ്റർ ട്രെയിനർ രജിത്ത്, അജി എന്നിവർ പങ്കെടുത്തു. 
ഏഴ് ദിവസങ്ങളിൽ നടക്കുന്ന പരിശീലനത്തിൽ ദുരന്തം നേരിടാൻ സജ്ജമായിരിക്കൽ, രക്ഷാപ്രവർത്തനം, തിരച്ചിൽ, പ്രാഥമിക ശുശ്രൂഷ, ബേസിക് ലൈഫ് സപ്പോർട്ട്, അഗ്നിരക്ഷാ പരിശീലനം, ദുരന്തസമയത്തെ ആശയവിനിമയം, മാനസിക പിന്തുണ, വിവിധ അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണ രീതികൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിദഗ്ധ പരിശീലനം നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന സന്നദ്ധപ്രവർത്തകർക്ക് സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, യൂണിഫോം, എമർജൻസി കിറ്റുകൾ, ഇൻഷുറൻസ് എന്നിവ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത ശേഷം വരും മാസങ്ങളിൽ വിതരണം ചെയ്യും.

(പിആർ/എഎൽപി/1399)

date