Skip to main content
a

വിബി- ജി റാം ജി: ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷര്‍ക്ക് പരിശീലനം നല്‍കി

വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) (വിബി- ജി റാം ജി ) പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷര്‍ക്ക് കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, കാലാവസ്ഥ പ്രതിരോധം, ഉപജീവനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിങ്ങനെ നാല് മേഖലകളാണ് പദ്ധതിയിലുള്ളതെന്ന് ദീനാമ്മ റോയി പറഞ്ഞു. ഭൂഗര്‍ഭ റീചാര്‍ജ്, ജലാശയങ്ങളുടെ പുനരുജ്ജീവനം, മഴവെള്ളം എന്നിവയാണ് പ്രധാനമായും ജലസുരക്ഷയില്‍ ഉള്‍പ്പെടുന്നത്. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഈ മേഖലയില്‍ ഗ്രാമപഞ്ചായത്തുകള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. ഗ്രാമീണ വിപണികള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, കന്നുകാലി സൗകര്യങ്ങള്‍, നൈപുണ്യ വികസന കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉപജീവനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ ഉള്‍പ്പെടുന്നു. തൊഴിലാളികളുടെ ക്ഷേമത്തിന് വലിയ മുന്‍ഗണന നല്‍കുന്ന പദ്ധതിയില്‍ ജോലി സ്ഥലങ്ങളില്‍ കുടിവെള്ളം, തണല്‍, പ്രഥമ ശുശ്രൂഷ എന്നിവ നിയമപരമായി ഉറപ്പാക്കിയിട്ടുണ്ടെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
 വിബി- ജി റാം പദ്ധതി സമഗ്രവികസനത്തിന് കാര്യക്ഷമമായി പ്രയോജനപ്പെടുത്തണമെന്ന് അധ്യക്ഷന്‍ ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ നിര്‍ദേശിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ എവിടെയാണ് പ്രവൃത്തി വേണ്ടതെന്ന് അധ്യക്ഷര്‍ കണ്ടെത്തണം. ഗ്രാമപഞ്ചായത്തിന്റെ വികസനത്തിനാവശ്യമായ 80 ശതമാനം പ്രവൃത്തികളും പദ്ധതിയിലൂടെ നടപ്പാക്കാനാകും. പഞ്ചായത്തുകളില്‍ ഗ്രാമീണ ചന്ത സംഘടിപ്പിക്കാന്‍ ശ്രമമുണ്ടാകണമെന്നും അദ്ദേഹം അറിയിച്ചു.
വിബി- ജി റാം ജി പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡന്റും ജില്ല കലക്ടറും കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ക്ക് നല്‍കി നിര്‍വഹിച്ചു. ജോയിന്റ് പ്രോഗാം കോര്‍ഡിനേറ്റര്‍ കെ ഇ വിനോദ് കുമാര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷര്‍ എന്നിവര്‍ പങ്കെടുത്തു.

ചിത്രം: 

വിബി- ജി റാം ജി പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയിയും ജില്ല കലക്ടര്‍ എ നിസാമുദ്ദീനും കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ക്ക് നല്‍കി നിര്‍വഹിക്കുന്നു

 

date