മതനിരപേക്ഷതയ്ക്കായി വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍കരണ ക്ലാസ് സംഘടിപ്പിക്കും
മതസൗഹാര്‍ദവും മതനിരപേക്ഷതയും നിലനിര്‍ത്താന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍കരണ ക്ലാസുകള്‍, സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍, സംവാദങ്ങള്‍, റാലികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. വര്‍ഷത്തിലൊരിക്കല്‍ സാമുദായിക ഐക്യം പ്രോല്‍സാഹിപ്പിക്കുന്ന പ്രവൃത്തികള്‍ സമര്‍പ്പിക്കാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്കായി ഒരുക്കും. മതസൗഹാര്‍ദവുമായി ബന്ധപ്പെട്ട് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന ജില്ലാതല യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ സാമുദായിക സാഹചര്യം അവലോകനം ചെയ്തു. മത- സാമുദായിക സംഘടനകളുടെ പ്രവര്‍ത്തനം പരിശോധിച്ചു. സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ വിദ്വേഷ പ്രസംഗം, ശത്രുത വളര്‍ത്തല്‍, പൊതുജനശല്യം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജില്ല, സബ് ഡിവിഷന്‍, പോലിസ് സ്റ്റേഷനുകളിലായി സാമുദായിക ഐക്യസമിതി രൂപീകരിക്കും. സമിതികളില്‍ സാമുദായിക അംഗങ്ങള്‍, സ്ത്രീകള്‍, യുവാക്കള്‍, വ്യാപാരികള്‍, സാമൂഹിക സംഘടന പ്രതിനിധികള്‍ എന്നിവരുടെ പ്രാതിനിധ്യം ഉറപ്പാക്കും. മതപരമായ ഘോഷയാത്രകള്‍, പൊതുയോഗങ്ങള്‍ എന്നിവയ്ക്കായി അനുമതിവ്യവസ്ഥ കര്‍ശനമായി നടപ്പാക്കും. ആവശ്യമുള്ളിടത്ത് നിര്‍ബന്ധിത വീഡിയോഗ്രാഫിയും ഡ്രോണ്‍ നിരീക്ഷണവുമുണ്ടാകും. പ്രധാന ഉത്സവങ്ങള്‍ക്കും ആഘോഷപരിപാടികള്‍ക്കും മുന്നോടിയായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേരും. സംയുക്ത കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും.
ജില്ല പൊതു ആശയവിനിമയം സെല്‍ സജീവമാക്കും. പൊതുറോഡുകള്‍, ഹൈവേകള്‍, നടപ്പാതകള്‍, സര്‍ക്കാര്‍ ഭൂമി എന്നിവ കൈയടക്കുന്ന അനധികൃത മതപരമായ നിര്‍മാണം ശ്രദ്ധയില്‍ പെട്ടാല്‍ പൊലിസ്, റവന്യൂ, തദ്ദേശ സ്ഥാപനങ്ങള്‍, പൊുതമരാമത്ത് വകുപ്പ് എന്നിവയുമായി ഏകോപിച്ച് കൈയേറ്റം നീക്കം ചെയ്യും. മുന്‍കൂര്‍ അനുമതിയില്ലാതെ പ്രാര്‍ഥന യോഗങ്ങള്‍, മതപരമായ ഒത്തുചേരല്‍ എന്നിവയ്ക്കായി നിര്‍മിക്കുന്ന താല്‍കാലിക പന്തല്‍, സ്റ്റേജ്, റോഡരികിലെ വേദികള്‍ എന്നിവയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
ജില്ല പൊലിസ് മേധാവി ആര്‍ ആനന്ദ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം:
മതസൗഹാര്‍ദവുമായി ബന്ധപ്പെട്ട് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന ജില്ലാതല യോഗം
- Log in to post comments