Skip to main content

യുവജനങ്ങളുടെ ശരിയായ തീരുമാനം, ആരോഗ്യകരമായ തലമുറയുടെ അടിത്തറ: ഡി.എം.ഒ.

ആരോഗ്യകരവും സന്തുഷ്ടവുമായ സമൂഹം കെട്ടിപ്പടുക്കുന്നതില്‍ യുവജനങ്ങളുടെ ബോധപൂര്‍ണമായ തീരുമാനങ്ങള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ട്. വിദ്യാഭ്യാസം, തൊഴില്‍, വിവാഹം, കുടുംബജീവിതം എന്നിവയെക്കുറിച്ചുള്ള ഉത്തരവാദിത്തമുള്ള തീരുമാനങ്ങള്‍ വ്യക്തിയുടെയും കുടുംബത്തിന്റെയും ഭാവിയെ മാത്രമല്ല, സമൂഹത്തിന്റെ ആരോഗ്യത്തെയും പുരോഗതിയെയും സ്വാധീനിക്കുന്നവെന്ന് ഡി.എം.ഒ. ഡോ.വി.വിനോദ്. ആരോഗ്യവകുപ്പ് മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ നടത്തിയ ലോക ജനസംഖ്യാദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡി.എം.ഒ. ചടങ്ങില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. ഷിബുലാല്‍ എ അധ്യക്ഷനായി. പ്രസവങ്ങള്‍ തമ്മില്‍ മതിയായ ഇടവേള  അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും ക്ഷേമത്തിനും' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.  കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും പ്രസവങ്ങള്‍ക്കിടയില്‍ ഇടവേള പാലിക്കുന്നത് അമ്മയുടെ ആരോഗ്യവും നവജാതശിശുവിന്റെ വളര്‍ച്ചയും സുരക്ഷിതമാക്കാന്‍ സഹായിക്കുന്നു. ഇത് അമ്മമാരിലെ രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗര്‍ഭകാല-പ്രസവ സങ്കീര്‍ണതകള്‍ എന്നിവയുടെ സാധ്യത കുറയ്ക്കുകയും കുഞ്ഞിന് കുറഞ്ഞ ജനനഭാരം,  ശിശുമരണ സാധ്യത എന്നിവ കുറയുന്നതിനും സഹായിക്കുകയും ചെയ്യുന്നു.സ്ഥിര കുടുംബാസൂത്രണ മാര്‍ഗങ്ങളെ കുറിച്ചും താത്ക്കാലിക കുടുംബാസൂത്രണ മാര്‍ഗങ്ങളായ കോപ്പര്‍-ടി,  ഗര്‍ഭനിരോധന ഗുളികകള്‍, ഗര്‍ഭനിരോധന കുത്തിവയ്പ്പുകള്‍, കോണ്‍ഡം എന്നിവയെക്കുറിച്ചുള്ള ശരിയായ അറിവും ലഭ്യതയും ദമ്പതികള്‍ക്ക് അവരുടെ കുടുംബം സുരക്ഷിതമായും ഉത്തരവാദിത്വത്തോടെയും ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്നു.

സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ കുടുംബാസൂത്രണ സേവനങ്ങളും ഉപദേശങ്ങളും സൗജന്യമായി ലഭ്യമാണ്. വിവാഹിതരായ ദമ്പതികള്‍ തങ്ങള്‍ക്ക് അനുയോജ്യമായ മാര്‍ഗം തിരഞ്ഞെടുക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ഡോക്ടര്‍മാരുടെയും ഉപദേശം തേടേണ്ടതാണ്. ചടങ്ങില്‍ ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. പമീലി എന്‍.എന്‍, ഡിഎസ്ഒ ഡോ. ഷുബിന്‍ സി, ഡിഎന്‍ഒ ബീഗം ജാസ്മിന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ പി രാജന്‍, പി ദേവദാസ് , എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ബിന്‍സി, ഐഇസി കണ്‍സള്‍ട്ടന്റ് ദിവ്യ എന്നിവര്‍ പങ്കെടുത്തു. മലപ്പുറം താലൂക്കാശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. അമ്പിളി പിസി കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ ക്ലാസെടുത്തു.

 

date