എറണാകുളത്ത് കുടിവെള്ള ക്ഷാമം രൂക്ഷം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ടി. ജെ. വിനോദ് എം.എൽ.എ നിവേദനം നൽകി
എറണാകുളം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി മോൻ സ് ജോസഫിന് ടി. ജെ. വിനോദ് എം.എൽ.എ നിവേദനം നൽകി.
എളമക്കര, മാക്കാപറമ്പ്, പീലിയാട്, നികർത്തിൽ, വടുതല, പച്ചാളം, ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകൾ, എറണാകുളം നഗരത്തിലെ ടി.ഡി. റോഡും അനുബന്ധ ബൈലൈനുകളും, രവിപുരം, എറണാകുളം സൗത്ത് തുടങ്ങിയ പ്രദേശങ്ങളിൽ ദിവസങ്ങളായി കുടിവെള്ള വിതരണം പൂർണ്ണമായും താറുമാറായിരിക്കുകയാണ്. പലയിടങ്ങളിലും വെള്ളം തീരെ ലഭിക്കുന്നില്ലെന്നും ചില സ്ഥലങ്ങളിൽ കുറഞ്ഞ മർദ്ദത്തിൽ മാത്രമാണ് വിതരണം നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെള്ളമില്ലാത്തതിനാൽ സ്വകാര്യ ടാങ്കർ ലോറികളെ ആശ്രയിക്കേണ്ട ദുരിതവസ്ഥയിലാണ് പ്രദേശവാസികൾ. വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, വീട്ടമ്മമാർ, മുതിർന്ന പൗരന്മാർ തുടങ്ങി നൂറുകണക്കിന് ആളുകളാണ് പ്രതിദിനം പരാതികളുമായി ഓഫീസിനെ സമീപിക്കുന്നതെന്നും ഇത് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി.
കുടിവെള്ള വിതരണത്തിലെ തടസ്സങ്ങൾക്ക് കാരണമായ സാങ്കേതിക പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ച്, എറണാകുളം നിയോജകമണ്ഡലത്തിലും ചേരാനല്ലൂർ പഞ്ചായത്തിലും തടസ്സമില്ലാത്ത കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നും, വിഷയത്തിൽ സർക്കാർ ഉടൻ ശാശ്വത പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
- Log in to post comments