Skip to main content

മലപ്പുറത്ത് എച്ച്.പി.വി. വാക്‌സിനേഷന്‍: കൂടുതല്‍ കുട്ടികളിലേക്ക് എത്താന്‍ ആരോഗ്യവകുപ്പിന്റെ തീവ്രശ്രമം

ഗര്‍ഭാശയമുഖ കാന്‍സര്‍ പ്രതിരോധത്തിനായുള്ള എച്ച്.പി.വി. വാക്‌സിനേഷന്‍ ക്യാമ്പയിന്‍ മലപ്പുറം ജില്ലയില്‍ കൂടുതല്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. നിലവില്‍ 10,820 പെണ്‍കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി. നിലവില്‍ 14 വയസ്സ് പൂര്‍ത്തിയായ  44,929  കുട്ടികള്‍ക്കാണ് ജില്ലയില്‍ വാക്‌സിന്‍ നല്‍കേണ്ടതായുളളത്.  ഇതില്‍ 10820 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിനേഷന്‍ കൂടുതല്‍ കുട്ടികളിലേക്ക് എത്തുന്നതിനായി ആരോഗ്യവകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ആശാ പ്രവര്‍ത്തകര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും പ്രത്യേക വാക്‌സിനേഷന്‍ സെഷനുകളും ഊര്‍ജിതമാക്കിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്ന എച്ച.പി.വി.വാക്‌സിന്‍, ഗര്‍ഭാശയമുഖ കാന്‍സറിന് പ്രധാന കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസിനെതിരെ ഫലപ്രദമായ സംരക്ഷണം നല്‍കുന്ന വാക്‌സിനാണ്. ഇന്ന് അമേരിക്ക, കാനഡ, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, ജര്‍മ്മനി, ഫ്രാന്‍സ്, നോര്‍വേ, സ്വീഡന്‍ ഉള്‍പ്പെടെയുള്ള നിരവധി വികസിത രാജ്യങ്ങളുടെ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയുടെ ഭാഗമാണ് എച്ച.പി.വി.വാക്‌സിന്‍. അതുപോലെ അറേബ്യന്‍  രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളും വിവിധ രീതികളില്‍ എച്ച.പി.വി. വാക്‌സിനേഷന്‍ നടപ്പാക്കിയിട്ടുണ്ട് . ലോകമെമ്പാടും  160 -ലധികം രാജ്യങ്ങള്‍ എച്ച.പി.വി.വാക്‌സിന്‍ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിപ്രകാരം 14 വയസ്സ് പൂര്‍ത്തിയായ അര്‍ഹരായ പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും എച്ച.പി.വി. വാക്‌സിന്‍ സൗജന്യമായി ലഭ്യമാണ്. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് ഏകദേശം 4,000 വരെ വിലവരുന്ന ഈ വാക്‌സിന്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നത് പൊതുജനാരോഗ്യ രംഗത്തെ വലിയൊരു മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

നമ്മുടെ മക്കളുടെ ആരോഗ്യമുള്ള ഭാവി ഉറപ്പാക്കാന്‍ ഇന്ന് എടുക്കുന്ന ഒരു ചെറിയ തീരുമാനം നാളെയൊരു വലിയ സംരക്ഷണമായി മാറും. അഭ്യൂഹങ്ങള്‍ വിശ്വസിക്കാതെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് അര്‍ഹരായ എല്ലാ പെണ്‍കുട്ടികള്‍ക്കും ഒജഢ വാക്‌സിന്‍ ഉറപ്പാക്കാന്‍ മാതാപിതാക്കള്‍ മുന്നോട്ട് വരണം എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
 

date