Skip to main content

പൊതുവിദ്യാലയങ്ങളിലെ പഠന ബോധന രീതിയില്‍ മാറ്റം വരുന്നുവെന്ന് നിയമസഭാസ്പീക്കര്‍

സ്‌കൂളുകളിലെ ഭൗതിക സാഹചര്യ വികസനത്തിനൊപ്പം പഠനബോധന രീതി കൂടി പുതിയ തലത്തിലേക്ക് മാറ്റാനാണ്  സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്    നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാമ്പസ് ഗവ: മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ 3.48 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന  കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
പഠനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദവും പ്രചോദിതവുമാക്കാന്‍ പ്രത്യേക ബോധനരീതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.  വിദ്യാഭ്യാസത്തിലൂടെ മാനവ വിഭവശേഷിയെ ശക്തിപ്പെടുത്തണം. മറ്റ് രാജ്യങ്ങള്‍ സ്വയം പര്യാപ്തതയിലൂടെ സാമ്പത്തികമായും സാമൂഹികമായും  നേട്ടമുണ്ടാക്കുമ്പോള്‍ നമുക്ക് വേണ്ടത്ര മുന്നേറാനാകുന്നില്ല. പ്രവാസം, വിദ്യാഭ്യാസം എന്നീ രണ്ട് മേഖലകളിലൂന്നിയാണ് കേരളത്തിന്റെ നിലനില്‍പ്പ്. പ്രവാസജീവിതം വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ മികവില്‍ കേരളീയര്‍ക്ക് മുന്നേറാനാകണമെന്ന് സ്പീക്കര്‍ പറഞ്ഞു. അതിനായി പ്രാഥമിക തലം മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെ എല്ലാവര്‍ക്കും നല്ല വിദ്യാഭ്യാസം ലഭ്യമാക്കാനാകണം. ഈയൊരു കാഴ്ചപ്പാടിലൂന്നിയാണ് സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങളെ കോടികള്‍ ചെലവഴിച്ച് ശക്തിപ്പെടുത്തുന്നത്. അധ്യാപകര്‍ക്ക് അവരുടെ മക്കളെ പോലും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ ആശങ്കയുണ്ടായിരുന്ന സാഹചര്യം മാറി. പൊതുവിദ്യാലയങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് കൂടിവരികയാണ്. സഹിഷ്ണുതയും മതനിരപേക്ഷ ബോധവും ഉണര്‍ത്തുന്ന പൊതുവിദ്യാലയങ്ങള്‍ മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളായി ഉയരണം. അതിനാലാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന നിശ്ചദാര്‍ഢ്യത്തോടെ  സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോയത്.   പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കി ഒരു വര്‍ഷം കഴിയുമ്പോഴേക്കും സ്‌കൂളുകളിലെ പഠനാന്തരീക്ഷം മാറുകയും ഗുണപരമായ ഫലമുണ്ടാകുകയും ചെയ്തു. പണമില്ലാത്തവരുടെ കുട്ടികള്‍ക്കും മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കാന്‍ കഴിഞ്ഞുവെന്നും സ്പീക്കര്‍ പറഞ്ഞു.
     ചടങ്ങില്‍ പി. അബ്ദുല്‍ഹമീദ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോയിച്ചന്‍ ഡൊമിനിക്ക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ്, ജില്ലാ പഞ്ചായത്തംഗം എ.കെ അബ്ദുറഹ്മാന്‍, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തംഗം എം വിജയന്‍, തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തംഗം അരുണ പുന്നശ്ശേരി, വികസന സമിതി ചെയര്‍മാന്‍ കൃഷ്ണന്‍ കാരങ്ങാട്, വികസന സമിതി വൈസ് ചെയര്‍മാന്‍ ആര്‍.എസ് പണിക്കര്‍, എസ്.എം.സി ചെയര്‍മാന്‍ പി.വി രഘുനാഥന്‍, പി.ടി.എ പ്രസിഡന്റ് വി രമേഷ്, പ്രധാനധ്യാപകന്‍ വി ബാലന്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി അനുവദിച്ച മൂന്നു കോടി രൂപ വിനിയോഗിച്ചാണ് മൂന്നുനിലകളുള്ള രണ്ട് കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തി തുടങ്ങുന്നത്. ബാക്കി തുക എം.എല്‍.എ, എം.പി ഫണ്ടില്‍ നിന്ന് കണ്ടെത്തും. സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി 4.17 കോടി രൂപയുടെ പ്രൊജക്ടാണ് സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിരുന്നത്. ഇതിന് അംഗീകാരം ലഭിച്ചെങ്കിലും 3.48 കോടി രൂപയുടെ പ്രവൃത്തിക്കാണിപ്പോള്‍ ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഒന്‍പത് മാസത്തിനുള്ളില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.  ഹൈസ്‌കൂള്‍ വിഭാഗത്തിനായുള്ള കെട്ടിടത്തില്‍ ഒന്‍പത് ക്ലാസ് മുറികളും ഹയര്‍സെക്കന്ററി കെട്ടിടത്തില്‍ 12 ക്ലാസ് മുറികളും അത്യാധുനിക സൗകര്യങ്ങളുള്ള ലാബുമുണ്ടാകും.

 

date