മലയോര ഹൈവേ- ഭൂവുടമകളുടെ യോഗം
നിലമ്പൂര്‍ പോത്തുകല്ല് പഞ്ചായത്ത് പരിധിയില്‍ നിന്നു മലയോര ഹൈവേക്കായി സ്ഥലം വിട്ടു നല്‍കുന്നവരുടെ യോഗം ചേര്‍ന്നു. പി.വി.അന്‍വര്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ പോത്തുകല്ല് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ഭൂരിഭാഗം ഭൂവുടമകളും പങ്കെടുത്തു. പഞ്ചായത്ത് പരിധിയിലെ മുണ്ടേരി ഫാം ഗേറ്റ് മുതല്‍ ചാത്തം മുണ്ട വരെയാണ് ഭൂമി ഏറ്റെടുക്കുന്നത്. ഭൂമി വിട്ടു നല്‍കാനുള്ള സന്നദ്ധത ഇവര്‍ അറിയിച്ചു. ഏറ്റെടുക്കുന്ന ഭൂമികളിലെ കെട്ടിടങ്ങള്‍, മതിലുകള്‍ എന്നിവ പൊളിച്ച് പുനര്‍ നിര്‍മ്മിക്കുന്നതിന് സാമ്പത്തിക സഹായം അനുവദിക്കും.
വയനാട് - മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് കടന്നു പോവുന്ന കാസര്‍ഗോഡ്- തിരുവനന്തപുരം മലയോര ഹൈവേയില്‍ മുണ്ടേരി ഫാം ഗേറ്റ് മുതല്‍ പൂക്കോട്ടുപാടം വരെയുള്ള 34 കിലോമീറ്റര്‍ ദൂരത്തിന് 115.4 കോടി രൂപയുടെ സാമ്പത്തിക അനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായാലുടന്‍ നിര്‍മ്മാണം ആരംഭിക്കും.
യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കരുണാകരന്‍ പിള്ള, അംഗങ്ങളായ സുലൈമാന്‍ ഹാജി, വല്‍സല അരവിന്ദന്‍, രവീന്ദ്രന്‍, ജോസഫ് ജോണ്‍, രജനി രാജന്‍ വിവിധ സംഘടന പ്രതിനിധികളായ വി.ഷഹീര്‍, പൈക്കാട്ട് നാസര്‍, ഇ.പോക്കര്‍, പി.ആര്‍.കെ.കുട്ടപ്പന്‍, പി.ഉണ്ണി, പൊന്നച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments