Skip to main content

അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കും.: മന്ത്രി എന്‍. ഷംസുദ്ദീന്‍.

വര്‍ഷങ്ങളായി സംസ്ഥാനത്തെ അധ്യാപകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അധ്യാപകര്‍ക്ക് നിയമന അംഗീകാരം ലഭിക്കാത്തത്, ഭിന്നശേഷി നിയമനം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമം. സ്‌കൂളുകളുടെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് പ്രായോഗികമല്ലാത്ത നിബന്ധനകള്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചര്‍ച്ച ചെയ്യും. സൈബര്‍ സുരക്ഷയെക്കുറിച്ച് കുട്ടികളില്‍ അവബോധം ഉണ്ടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും ഇതിനായി സൈബര്‍ സുരക്ഷാ പ്രോട്ടോകോള്‍ ഉണ്ടാക്കും. വിദ്യാര്‍ത്ഥികള്‍ ഓരോ ക്ലാസിലും പഠിക്കേണ്ട കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനമുണ്ടാവും. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന 16 പദ്ധതികള്‍ 100 ദിവസത്തിനകം തന്നെ യാഥാര്‍ത്ഥ്യമാക്കും. കുട്ടികളുടെ എണ്ണക്കുറവ് കാരണം ഡിവിഷന്‍ ഫാള്‍ ഉണ്ടായി അധ്യാപകരുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അധ്യാപക-വിദ്യാര്‍ത്ഥി  അനുപാതം 40 ആക്കുന്നതിന്റെ സാധ്യത സര്‍ക്കാര്‍ പരിശേധിക്കും. അതുപോലെ 500 വിദ്യാര്‍ഥികള്‍ക്ക് ഒരു കായികാധ്യാപകന്‍ എന്നത് 300 വിദ്യാര്‍ഥികള്‍ക്ക്  ഒരു കായിക അധ്യാപകന്‍ എന്നാക്കിയി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

date