Skip to main content

പ്രാദേശിക ചരിത്ര മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് സാമൂഹ്യ ബാധ്യത -മന്ത്രി രാമചന്ദ്രന്‍ കടപ്പള്ളി

പ്രാദേശിക ചരിത്ര മൂല്യങ്ങളും സംസ്‌കാരവും സംരക്ഷിക്കേണ്ടതും പുതുതലമുറക്ക് പരിചയപ്പെടുത്തേണ്ടതും സാമൂഹ്യ ബാധ്യതയാണെന്ന് മ്യൂസിയം, പുരാരേഖ, പുരാവസ്തു, തുറമുഖം വകുപ്പ് മന്ത്രി  രാമചന്ദ്രന്‍ കടപ്പള്ളി. കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയിലെ ചരിത്ര സാംസ്‌കാരിക മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ലോക സാഹസിക സഞ്ചാരി മൊയ്തു കിഴിശ്ശേരിയുടെ പുരാവസ്തുശേഖരമാണ് അക്കാദമിയിലെ ചരിത്ര സാംസ്‌കാരിക മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്നത്. പ്രദര്‍ശനത്തിന്റെ ഒന്നാംഘട്ടമാണ് പൂര്‍ത്തിയായിരിക്കുന്നത്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട ഫോട്ടോഗാലറിയും പുരാരേഖ ഗാലറിയും കൊണ്ടോട്ടി നേര്‍ച്ച ഫോട്ടോ ഗാലറിയും അറബിമലയാളം ഗവേഷണ ഗ്രന്ഥാലയവും ഇതിനകം അക്കാദമിയില്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. എല്ലാദിവസവും പ്രവര്‍ത്തിക്കുന്ന അക്കാദമിയില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം 4.30 വരെ മ്യൂസിയവും ഫോട്ടോഗാലറികളും സന്ദര്‍ശന സൗകര്യമുണ്ടാവും.

ഉദ്ഘാടന ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ ടി.കെ.ഹംസ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി നഗരസഭ കൗണ്‍സിലര്‍ അബ്ദുറഹിമാന്‍ പാറപ്പുറത്ത്, കെ.വി.അബുട്ടി, എന്‍.പ്രമോദ് ദാസ്, എ.പി.സുകുമാരന്‍, അബു മാസ്റ്റര്‍ പാമ്പോടന്‍, മജീദ് മാസ്റ്റര്‍, റസാഖ് കൊളങ്ങരത്തൊടി അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്   കെ.കെ.മുഹമ്മദ് അബ്ദുല്‍ സത്താര്‍  എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആര്‍ക്കും പാടാം പരിപാടിയും വനിതകളുടെ ചവിട്ടുകളിയും അക്കാദമി വിദ്യാര്‍ത്ഥികളുടെ കോല്‍ക്കളിയും ബക്കര്‍ മാാറഞ്ചേരിയുടെ നേതൃത്വത്തില്‍ ഉമ്പായി ഗാനങ്ങളടങ്ങിയ ഗസലും അരങ്ങേറി. അക്കാദമിയിലെ ചരിത്ര, സാംസ്‌കാരിക മ്യൂസിയത്തിന്റെ  രണ്ടാം ഘട്ടമായി മാപ്പിളമാരുടെ ജീവിതവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന വസ്തുക്കളാണ് പ്രദര്‍ശിപ്പിക്കുക. പഴയകാലത്തെ വേഷങ്ങള്‍, ആഭരണങ്ങളുടെ മാതൃകകള്‍, കലാരൂപങ്ങള്‍, പുരാതനമായ നിത്യോപയോഗ വസ്തുക്കള്‍ എന്നിവ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.
മുന്‍കൂട്ടി അറിയിച്ച്  സംഘമായി അക്കാദമി സന്ദര്‍ശിക്കാനുദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മ്യൂസിയം, ഫോട്ടോഗാലറികള്‍ എന്നിവയ്ക്കു പുറമേ മാപ്പിളകലകളുമായി ബന്ധപ്പെട്ട സോദാഹരണക്ലാസുകള്‍ ഉള്‍പ്പടെയുള്ള പരിപാടികള്‍ വിവിധ പാക്കേജുകളായി അവതരിപ്പിക്കുന്നതിനുള്ള പദ്ധതിയും അക്കാദമി തയ്യാറാക്കിയിരിക്കുന്നു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍, കൊണ്ടോട്ടി നേര്‍ച്ച എന്നിവയെക്കുറിച്ചുള്ളതും ഹ്രസ്വചിത്രങ്ങളും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കും.

 

date