വികസനവിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് ജില്ലാ വികസന സമിതി യോഗം
വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ബസ് യാത്രാ പ്രശ്‌നം, ദേശീയപാതാ വികസനവും സര്‍വീസ് റോഡ് നിര്‍മാണവും, വന്യജീവി പ്രതിരോധത്തിനായുള്ള എ.ഐ ക്യാമറ സ്ഥാപിക്കല്‍, നെല്‍ക്കര്‍ഷകരുടെ കുടിശ്ശിക വിതരണം, ഡാമുകളിലെ ജലനിരപ്പ് തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു.
വടക്കാഞ്ചേരിയിലെ സ്വകാര്യ ബസുകള്‍ വിദ്യാര്‍ത്ഥികളെ കയറ്റാത്ത സംഭവത്തില്‍ ബസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും പരിശീലനവും ബോധവത്കരണവും നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ആര്‍.ടി.ഒയ്ക്ക് ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. കുട്ടികളെ കയറ്റാത്ത ബസ് കണ്ടക്ടറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു. കൂടാതെ, വൈകീട്ട് സ്റ്റാന്‍ഡുകളില്‍ എം.വി.ഡി സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്.
ചേലക്കര കിള്ളിമംഗലം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പരിസരത്തുളള സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന കല്ലുകള്‍ നിലകൊള്ളുന്ന സ്ഥലത്ത് പരിശോധന നടത്താന്‍ ജിയോളജിസ്റ്റിന് യോഗത്തില്‍ ജില്ല കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് പ്രസ്തുത കല്ലുകള്‍ ഉപയോഗയോഗ്യമാക്കാന്‍ കിറ്റ്‌കോയ്ക്കും ജില്ല കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
മൂന്നുപീടിക ജംഗ്ഷന്‍ വികസനത്തിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ വേഗത്തിലാക്കാനും യോഗത്തില്‍ നിര്‍ദ്ദേശമുണ്ട്. വാടാനപ്പള്ളിയില്‍ ദേശീയപാത 66-ല്‍ ഉപ്പുപടന്ന മുതല്‍ വാടാനപ്പള്ളി വരെ സര്‍വീസ് റോഡ് നിര്‍മിക്കുന്നതിന്റെ സാധ്യത പരിശോധിക്കുവാന്‍ എന്‍.എച്ച്.എ.ഐക്ക് നിര്‍ദ്ദേശം നല്‍കി. ഈ റോഡ് നിര്‍മ്മാണം വഴി എത്രപേര്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് കണക്കാക്കുവാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി.
ജില്ലയിലെ നെല്‍ക്കര്‍ഷകരുടെ കുടിശ്ശിക അടുത്തയാഴ്ച മുതല്‍ കൊടുത്തുതുടങ്ങുമെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു.
ചേലക്കര, വടക്കാഞ്ചേരി എന്നിവിടങ്ങളിലെ കാട്ടാനശല്യത്തിന് പരിഹാരമായി സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിക്കുന്നതിനായി പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും. ദേശീയപാത 66-ല്‍ തടസങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണം ആരംഭിക്കുവാന്‍ തീരുമാനമായി.
കളക്ടറേറ്റ്, ജില്ലാ പഞ്ചായത്ത് പരിസരങ്ങളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന വാഹനങ്ങളുടെ മൂല്യനിര്‍ണയം അടുത്ത ആഴ്ച പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുമരാമത്ത് വകുപ്പ് മെക്കാനിക് വിഭാഗത്തിന് ജില്ല കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. മഴ കുറവായതിനാല്‍ നിലവില്‍ ഡാമുകളിലെ ജലനിരപ്പ് കുറവാണെങ്കിലും, അടിയന്തര സാഹചര്യം നേരിടാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മേജര്‍, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ അറിയിച്ചു. ഡാമുകളുടെ ഷട്ടറുകള്‍ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. നിലവില്‍ പൂമല ഡാമിലെ വെള്ളം 28 അടി എത്തിയതിനാല്‍ ജില്ലാ കളക്ടറുടെ അനുമതിയോടെ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കി അധികജലം പുറത്തേക്ക് ഒഴുക്കിവിടുന്നുണെന്ന് മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വാഴാനി ട്രൈബല്‍ ഉന്നതിയിലെ സോളാര്‍ ഫെന്‍സിംഗ് അറ്റകുറ്റപ്പണിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ടെന്നും പോളുകള്‍ ഗാല്‍വനൈസ് ചെയ്ത് ലഭിച്ചാല്‍ ഉടന്‍ പണി ആരംഭിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വന്യജീവി സാന്നിധ്യമുള്ള മേഖലകളില്‍ എ.ഐ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് ജെം പോര്‍ട്ടല്‍ വഴി ക്യാമറകള്‍ വാങ്ങുന്നതിനുള്ള ബിഡ് നടപടികള്‍ പൂര്‍ത്തിയായെന്നും ഉടന്‍ ഓര്‍ഡര്‍ നല്‍കുമെന്നും അറിയിച്ചു.
വെറ്റിലപ്പാറ സബ് സ്റ്റേഷന്‍ നിര്‍മ്മാണത്തിന്ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും 114 സെന്റ് ഭൂമിക്ക് ലീസ് എഗ്രിമെന്റ് നല്‍കിയിട്ടുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ സി രവീന്ദ്രനാഥ്, എന്‍.കെ. അക്ബര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, ഗീത ഗോപി, കെ.കെ. രാമചന്ദ്രന്‍, യു. ആര്‍ പ്രദീപ്, കെ.കെ. വത്സരാജ്, മന്ത്രി ഒ.ജെ ജനീഷിന്റെ പ്രതിനിധി ഷോണ്‍ പെല്ലിശ്ശേരി, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതിനിധി രാജേഷ് നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്,ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.ഡി. ജോസഫ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments