Skip to main content
അനധികൃത ചെങ്കല്‍ ഖനനം: വെള്ളോറ, പാണപ്പുഴ വില്ലേജുകളില്‍ മിന്നല്‍ പരിശോധന നടത്തി  രണ്ട് ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി

അനധികൃത ചെങ്കല്‍ ഖനനം: വെള്ളോറ, പാണപ്പുഴ വില്ലേജുകളില്‍ മിന്നല്‍ പരിശോധന നടത്തി രണ്ട് ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി

 

ജില്ലയിലെ വെള്ളോറ, കക്കറ, പാണപ്പുഴ വില്ലേജ് പരിധികളില്‍ വ്യാപകമായി നടക്കുന്ന അനധികൃത ചെങ്കല്‍ ഖനനത്തിനെതിരെ കര്‍ശന നടപടിയുമായി വിവിധ വകുപ്പുകളുടെ സംയുക്ത സംഘം. ഇവിടെ നടത്തിയ മിന്നല്‍ പരിശോധനയില്‍ രണ്ടുലക്ഷത്തിലധികം രൂപ പിഴ ഈടാക്കി. 

വെള്ളോറ, പാണപ്പുഴ വില്ലേജ് പരിധികളിലെ കോയിപ്ര, ബക്കളംപാറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ യാതൊരുവിധ പെര്‍മിറ്റുകളുമില്ലാതെ വലിയ തോതില്‍ ചെങ്കല്‍ ഖനനവും കടത്തും നടക്കുന്നതായി നേരത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിന്റെ ഭാഗമായി റവന്യൂ, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പുകള്‍ കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കെ വിനോദ് കുമാറിന്റെ ഏകോപനത്തില്‍ പ്രത്യേക സംയുക്ത സംഘത്തിന് രൂപം നല്‍കിയാണ് പരിശോധന നടത്തിയത്.

വെള്ളോറ, കക്കറ, പാണപ്പുഴ പ്രദേശങ്ങളില്‍ വാഹന പരിശോധനയും ക്വാറി പരിശോധനയും നടത്തിയ സംഘം പത്തോളം ചരക്ക് വാഹനങ്ങള്‍ വിശദമായി പരിശോധിച്ചു. ഇതില്‍ അമിതഭാരം കയറ്റി സര്‍വീസ് നടത്തിയ അഞ്ച് വാഹനങ്ങള്‍ തടയുകയും മോട്ടോര്‍ വാഹന വകുപ്പ് പിഴയിനത്തില്‍ 95,750 രൂപ ഈടാക്കുകയും ചെയ്തു. കൂടാതെ, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ നിയമാനുസൃതമായ പെര്‍മിറ്റോ പാസോ ഇല്ലാതെ അനധികൃതമായി ചെങ്കല്‍ കടത്തിയ ആറ് വാഹനങ്ങള്‍ പിടികൂടി അവരില്‍ നിന്ന് 1,10,000 രൂപ പിഴ ഈടാക്കി.
(Photo)
സംയുക്ത പരിശോധനാ സംഘത്തില്‍ ജിയോളജിസ്റ്റ്  വിജയ, പാണപ്പുഴ വില്ലേജ് ഓഫീസര്‍ പ്രദീപന്‍ എം, വെള്ളോറ വില്ലേജ് ഓഫീസര്‍ പത്മനാഭന്‍ ബി, പെരിങ്ങോം പോലീസ് സ്റ്റേഷന്‍ എസ്.ഐ ചന്ദ്രന്‍ ടി.വി, പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ എസ്.ഐ  ശ്രീകുമാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സുധീഷ് എം.ജി, സബിന്‍ കെ, അഖിലേഷ് കെ. ബാലന്‍, നികേത് വി വി എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമാനമായ രീതിയില്‍ പരിശോധനകള്‍ തുടരുമെന്ന് കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കെ വിനോദ് കുമാര്‍ അറിയിച്ചു.

date