*ദേശീയപാത 544, 66 അനുബന്ധ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണം- മന്ത്രി ഒ.ജെ. ജനീഷ്*
*നിർമ്മാണ പുരോഗതി വിലയിരുത്താൻ സംയുക്ത പരിശോധന ഓഗസ്റ്റിൽ*
ദേശീയപാത 544, 66 എന്നിവയിലെ ഫുട് ഓവർ ബ്രിഡ്ജ്, അടിപ്പാത, സർവീസ് റോഡ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശം നൽകി. ദേശീയപാതയുടെ നിർമ്മാണം അവലോകനം ചെയ്യുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന എംഎൽഎമാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതികളുടെ നിർമ്മാണം എന്ന് ആരംഭിച്ച് എന്ന് പൂർത്തിയാക്കാൻ സാധിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ സമയക്രമം ഉൾപ്പെടുത്തിയ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. ഓഗസ്റ്റ് മാസത്തിൽ നിർമ്മാണ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനായി മന്ത്രി, ജില്ലാ കളക്ടർ, എം.എൽ.എമാർ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘം സംയുക്ത പരിശോധന നടത്തും.
ദേശീയപാത 544-ൽ ആമ്പല്ലൂർ അടിപ്പാതയുടെ സംരക്ഷണ ഭിത്തിയിൽ കോൺക്രീറ്റ് പാളികൾ തള്ളിനിൽക്കുന്നതും അപകടസാധ്യത ഉയർത്തുന്നതുമായ നിർമ്മാണ വീഴ്ചകളെക്കുറിച്ച് സ്ട്രക്ച്ചറൽ ഫീസിബിലിറ്റി പഠനം നടത്താൻ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എൻ.എച്ച്.എ.ഐക്ക് നിർദ്ദേശം നൽകി.
ദേശീയപാത നിർമ്മാണത്തിലെ സുരക്ഷാ പ്രശ്നങ്ങൾ, വെള്ളക്കെട്ട്, കാൽനടയാത്രക്കാരുടെ ദുരിതം എന്നിവ യോഗത്തിൽ ചർച്ചയായി. ദേശീയപാത 66-ൽ പുന്നയൂർക്കുളം, തിരുവത്ര, കൊടുങ്ങല്ലൂർ, ഒരുമനയൂർ, അഞ്ചങ്ങാടി എന്നീ ഭാഗങ്ങളിൽ ഡ്രെയിനേജ് നിർമ്മാണത്തിലുണ്ടായ അപാകത മൂലം രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നതെന്ന് യോഗത്തിൽ പങ്കെടുത്ത എംഎൽഎമാർ ചൂണ്ടിക്കാട്ടി. മഴയെ തുടർന്ന് മേൽപ്പാലങ്ങൾക്ക് താഴെ രൂപപ്പെടുന്ന ചെളിക്കും സർവീസ് റോഡുകളിലെ വെള്ളക്കെട്ടിനും ശാശ്വത പരിഹാരം കാണണമെന്നും, ദേശീയപാത നിർമ്മാണത്തിനായി മണ്ണും മണലും കൊണ്ടുപോയതിനെ തുടർന്ന് തകർന്ന ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കാനും, കൊടുങ്ങല്ലൂർ ക്ഷേത്രത്തിന് ചുറ്റും കെട്ടിക്കിടക്കുന്ന മണൽ നീക്കം ചെയ്യാനും യോഗത്തിൽ തീരുമാനമായി.
കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ചെന്ത്രാപ്പിന്നി (എടത്തിരുത്തി), മന്ദലാംകുന്ന്, ഏങ്ങണ്ടിയൂർ എന്നിവിടങ്ങളിൽ പുതിയ ഫുട് ഓവർ ബ്രിഡ്ജുകളും , ചുവന്നമണ്ണ്, പുന്നയൂർ ഹെൽത്ത് സെന്റർ ഭാഗങ്ങളിൽ കാൽനടയാത്രക്കാരുടെ അടിപ്പാതകളും
നിർമ്മിക്കണമെന്ന എം. എൽ. എ മാർ ആവശ്യപ്പെട്ടു .
കൈപ്പമംഗലം പള്ളിനടയിൽ അടിപ്പാത നിർമ്മിക്കുന്നതിന്റെ സാധ്യത പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പും എൻ.എച്ച്.എ.ഐയും സംയുക്തമായി പരിശോധന നടത്തും.
കൂടാതെ, രാത്രികാല യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി സ്ട്രീറ്റ് ലൈറ്റുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്നും ജില്ല കളക്ടർ നിർദ്ദേശിച്ചു. പ്രധാന ഭാഗങ്ങളിൽ ട്രാഫിക് വാർഡൻമാരെ നിയമിക്കണമെന്ന് സിറ്റി പോലീസ് കമ്മിഷണർ നകുൽ ദേശ്മുഖ് നിർദ്ദേശിച്ചു.
ദേശീയപാത 66-ൽ നിർദ്ദേശിച്ച 12 ഫുട് ഓവർ ബ്രിഡ്ജുകളിൽ എട്ടെണ്ണത്തിന് അനുമതി ലഭിച്ചതായും, രണ്ടെണ്ണത്തിന്റെ പണി ആരംഭിച്ചതായും എൻ.എച്ച്.എ.ഐ യോഗത്തിൽ അറിയിച്ചു. മൂന്നെണ്ണത്തിന്റെ നിർമ്മാണം ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കും. നിർമ്മാണം തുടങ്ങി 60 ദിവസത്തിനകം പൂർത്തിയാക്കുമെന്നും എൻ.എച്ച്.എ.ഐ ഉറപ്പുനൽകി.
ദേശീയപാത 544-ൽ നടത്തറ, മരത്താക്കര, പുതുക്കാട്, നന്തിക്കര എന്നിവിടങ്ങളിൽ നാല് പുതിയ ഫ്ലൈ ഓവറുകൾക്കും, ചുവന്നമണ്ണ്, മുടിക്കോട്, പാലിയേക്കര, നെല്ലായി എന്നിവിടങ്ങളിൽ നാല് ഫുട് ഓവർ ബ്രിഡ്ജുകൾക്കും, രണ്ട് സർവീസ് റോഡുകൾക്കും അനുമതി ലഭിച്ചതായി അതോറിറ്റി വ്യക്തമാക്കി.
എം.എൽ.എമാരായ കെ.കെ. രാമചന്ദ്രൻ, എൻ.കെ. അക്ബർ, ഗീതാഗോപി, കെ.കെ. വത്സരാജ്, റൂറൽ എസ്.പി. മുഹമ്മദ് നദീമുദ്ദീൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എൻ.എച്ച്.എ.ഐ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments