ഖാദി ഉത്പന്നങ്ങളുടെ മൂല്യം തിരിച്ചറിയണം: ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്
കൈ കൊണ്ട് നെയ്യുന്ന ഖാദി ഉത്പന്നങ്ങളുടെ മൂല്യം തിരിച്ചറിയണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമാണ് ഖാദി വസ്ത്രങ്ങള്‍. വ്യാപകമായി ഖാദി ഉത്പന്നങ്ങള്‍ക്ക് പ്രചാരം നല്‍കണം. അവയ്ക്ക് ആവശ്യമായ വില ലഭ്യമാക്കണം. ഹാന്‍ഡ് മെയ്ഡ് വസ്തുക്കള്‍ക്ക് എല്ലായിടങ്ങളിലും വലിയ വിലയാണ്. എന്നാല്‍ ഖാദിക്ക് ഈ വില ലഭ്യമാകുന്നില്ല. ഖാദി ഉത്പന്നങ്ങള്‍ക്ക് മതിയായ വില ലഭ്യമാക്കണം. വിദേശ രാജ്യങ്ങളിലും ഖാദി ഉത്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
തൊടുപുഴ റെസ്റ്റ് ഹൗസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ് പി.എ. അധ്യക്ഷത വഹിച്ചു. കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരന്‍ അജി തോമസിന് ഖാദി ഉത്പന്നം നല്‍കിക്കൊണ്ട് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ. തോമസ് ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട്, ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷീനാമോള്‍ ജേക്കബ്, ജൂനിയര്‍ സൂപ്രണ്ട് ലിജി തോമസ്, വിവിധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments