Skip to main content

ഖാദി ജെൻസിക്കും പ്രിയങ്കരം: ഉമാ തോമസ് എം.എൽ.എ

 

ഓണം ഖാദി ഫെസ്റ്റിന് തുടക്കം

​ പുതിയ കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് യുവതലമുറക്കും ജെൻസിക്കും  ഇഷ്ടപ്പെടുന്ന വൈവിധ്യമാർന്ന നിറങ്ങളിലും ഡിസൈനുകളിലും ഖാദി വസ്ത്രങ്ങൾ ഇന്നു ലഭ്യമാണെന്ന് ഉമാ തോമസ് എം.എൽ.എ പറഞ്ഞു. ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഓണം ഖാദി ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

​ഖാദി ഉൽപ്പന്നങ്ങളും വസ്ത്രങ്ങളും വാങ്ങുന്നതിലൂടെ നമ്മൾ പിന്തുണക്കുന്നത് ഒട്ടേറെ കുടുംബങ്ങൾക്ക് തണലാകുന്ന ഒരു കുടിൽ വ്യവസായത്തെയാണ്. ഖാദി വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല അവ കേരളത്തിൻ്റ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമാണ്.  ഓണക്കാലത്ത് ഖാദി വ്യവസായത്തിന്റെ ഉന്നതിക്കായി എല്ലാവരും കുറഞ്ഞത് ഒരു ഖാദി ഉൽപ്പന്നമെങ്കിലും വാങ്ങാൻ തയ്യാറാകണമെന്നും എം.എൽ.എ പറഞ്ഞു.

​മേളയിലെ ആദ്യ വിൽപ്പന തൃക്കാക്കര കൗൺസിലർ ദിവ്യ ശബരിനാഥന് നൽകിക്കൊണ്ട് എംഎൽഎ നിർവഹിച്ചു. 

തൃക്കാക്കര നഗരസഭ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി സമ്മാനക്കൂപ്പണുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു.

​ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൻ്റ  ജേക്കബ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷൈജോ പറമ്പി, പി.എ. മുക്താർ, ശ്രീദേവി മധു, റസിയ റഹ്‌മത്ത്, തൃക്കാക്കര നഗരസഭ വൈസ് ചെയർപേഴ്സൺ ഷെറീന ഷുക്കൂർ തുടങ്ങിയവർ പങ്കെടുത്തു.

date