Skip to main content

പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ അദാലത്ത്: 138 പരാതികൾ തീർപ്പാക്കി

കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമീഷൻ തിരുവനന്തപുരം ജില്ലാ അദാലത്തിൽ 138 പരാതികൾ തീർപ്പാക്കിയതായി കമ്മീഷൻ ചെയർപേഴ്സൺ ശേഖരൻ മിനിയോടൻ തൈക്കാട് പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആകെ 163 പരാതികളാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ പരാതികൾ തിരുവനന്തപുരം ജില്ലയിലാണ് റിപ്പോർട്ട് ചെയ്‌തെന്നും തീർപ്പാക്കാനുള്ള പരാതികളിൽ ബന്ധപ്പെട്ട കക്ഷികളിൽ നിന്ന് റിപ്പോർട്ട് തേടിയശേഷം കമ്മീഷൻ ഓഫീസിൽ വെച്ച് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാ അദാലത്തിൽ തീർപ്പാക്കിയ പരാതികളിൽ 89 എണ്ണം പോലീസുമായി ബന്ധപ്പെട്ടവയാണ്. 34 പരാതികൾ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതും 13 എണ്ണം സർവീസ് സംബന്ധമായ വിഷയങ്ങളുമായിരുന്നു. മറ്റ് വകുപ്പുകളിലായി 27 പരാതികളാണ് കമ്മീഷന് മുന്നിലെത്തിയത്. 

ശേഖരൻ മിനിയോടൻ ചെയർപേഴ്‌സണായ ആറാമത് പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ, 2024 ജനുവരി 9 മുതൽ 2026 മാർച്ച് 31 വരെ 10,000 അപേക്ഷകളാണ് കൈകാര്യം ചെയ്തത്. മുൻവർഷങ്ങളിലേതായി 6000 അപേക്ഷകളാണ് ഉണ്ടായിരുന്നത്. നിലവിൽ 8500 പരാതികൾ തീർപ്പാക്കി. 2500 പരാതിക്കാരെ നേരിട്ട് കേട്ടു. സംസ്ഥാനത്ത് ആകെ 45 അദാലത്തുകൾ ഇതുവരെ നടത്തിയെന്നും 2009 മുതലുള്ള പരാതികളിൽ തീർപ്പ് കൽപിക്കാനായെന്നും കമ്മീഷൻ ചെയർപേഴ്‌സൺ അറിയിച്ചു. പരാതിക്കാരുടെയും എതിർ കക്ഷികളുടെയും ഭാഗത്തു നിന്ന് നല്ല രീതിയിലുള്ള സഹകരണം ഈ അദാലത്തിൽ ഉണ്ടായെന്നും കമ്മീഷൻ ചെയർപേഴ്സൺ ശേഖരൻ മിനിയോടൻ പറഞ്ഞു. 

രണ്ട് ദിവസങ്ങളിലായി തൈക്കാട് പി.ഡബ്ലു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ കമീഷൻ മെമ്പർമാരായ ടി.കെ വാസു, സേതു നാരായണൻ, പോലീസ്, റവന്യൂ, പഞ്ചായത്ത്, പട്ടികജാതി, പട്ടികവർഗ വികസനം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

date