Skip to main content

ഇംഗ്ലീഷ് പേടി മാറ്റാന്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി  ത്രിദിന ക്യാംപ് 

 

ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കാനും എഴുതാനുമുള്ള പേടിയും മടിയും മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇംഗ്ലീഷ് പഠനപോഷണ പരിപാടിക്ക് തുടക്കമായി. ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെഭാഗമായുള്ള ആദ്യ ക്യാംപ് കൊയ്യം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. 

ഓരോ ജില്ലയിലെയും ഒരു സ്‌കൂളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. വിവിധ പരിശീലന പ്രവര്‍ത്തനങ്ങളിലൂടെ മടിയോ പേടിയോ കൂടാതെ ഇംഗ്ലീഷില്‍ സംസാരിക്കാനും എഴുതാനുമുള്ള കഴിവ് വിദ്യാര്‍ഥികളില്‍ സൃഷ്ടിക്കുകയാണ് ത്രിദിന ക്യാംപിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഇംഗ്ലീഷില്‍ സ്‌കിറ്റുകള്‍ തയ്യാറാക്കി അവതരിപ്പിക്കുക, വിവിധ ജീവിതസന്ദര്‍ഭങ്ങളിലെ ഭാഷാ പ്രയോഗങ്ങള്‍ അവതരിപ്പിക്കുക, ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തുക തുടങ്ങി ഒറ്റയ്ക്കും കൂട്ടായുമുള്ള രസകരമായ വിവിധ പ്രവര്‍ത്തനങ്ങളാണ് വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. രാവിലെ 9.30ന് തുടങ്ങി 4.30ന് അവസാനിക്കുന്ന മൂന്ന് ദിവസത്തെ ക്യാംപ് കഴിയുന്നതോടെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷില്‍ ആശയ വിനിമയം നടത്തുന്നതിനുള്ള കഴിവ് വിദ്യാര്‍ഥികള്‍ക്ക് ആര്‍ജ്ജിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട 40 ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികളാണ് ക്യാംപില്‍ പങ്കെടുക്കുന്നത്. ക്യാംപിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ കേന്ദ്രീകരിച്ച് നടക്കും. 

ചടങ്ങില്‍ സമഗ്ര ശിക്ഷ കേരള പ്രൊജക്ട് ഡയറക്ടര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചെങ്ങളായി  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രത്‌നകുമാരി മുഖ്യ പ്രഭാഷണം നടത്തി. മൊഡ്യൂള്‍ പ്രകാശനം സംസ്ഥാന ഗവേര്‍ണിംഗ് ബോഡി അംഗം കെ സി ഹരികൃഷ്ണന്‍  നിര്‍വഹിച്ചു. ഡോ. പി കെ ജയരാജ്, പി യു രമേശന്‍, പി ഒ മുരളീധരന്‍, കെ കെ രവി, കെ ആര്‍ അശോകന്‍, റീജ, കെ സി ഗോമതി  എന്നിവര്‍ സംസാരിച്ചു. ഡോ. സി എം അസിം സ്വാഗതവും ടി ഹരിദാസ് നന്ദിയും പറഞ്ഞു. സംസ്ഥാനതല ആര്‍പിമാരായ ഇ വി സന്തോഷ് കുമാര്‍, എം വി അരൂജ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലന ക്യാംപ്. 

 

date