Skip to main content

സെന്‍സസ് ഒന്നാം ഘട്ട പ്രവര്‍ത്തനം: ജില്ലയ്ക്ക് രണ്ടാം സ്ഥാനം

ജനസംഖ്യ കണക്കെടുപ്പിന്റെ ഒന്നാംഘട്ടമായ ഭവനപട്ടികപ്പെടുത്തലും വിവരശേഖരണത്തിലും സംസ്ഥാനതലത്തില്‍ പത്തനംതിട്ട ജില്ലയ്ക്ക് രണ്ടാം സ്ഥാനം. ആറ് താലൂക്കുകളിലും നാല് നഗരസഭകളിലുമായി ജില്ലയില്‍ ആകെ 2094 ഹൗസ് ലിസ്റ്റിങ് ബ്ലോക്കുകളാണ് (എച്ച്എല്‍ബി) ഉണ്ടായിരുന്നത്. ഫീല്‍ഡ് പ്രവര്‍ത്തങ്ങള്‍ക്ക് 2073 എന്യുമറേറ്റര്‍മാരെയും 349 സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിരുന്നു. പ്രതികൂലമായ കാലാവസ്ഥയും ദുര്‍ഘടമായ ഭൂപ്രകൃതിയും മറികടന്നാണ് സെന്‍സസ് പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ  ഡിവിഷനായ റാന്നി മേഖലയിലെ  ശബരിമല പോലെയുള്ള  അതീവദുഷ്‌കരമായ  എച്ച്എല്‍ബികളും വെല്ലുവിളികളായിരുന്നു.
 ജൂണ്‍ 15 മുതല്‍ 30 വരെ പൊതുജനങ്ങള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ സെന്‍സസ്  വെബ്‌പോര്‍ട്ടല്‍ മുഖേന സ്വയം സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ 55,000 ല്‍ പരം  കുടുംബങ്ങള്‍ സ്വയം വിവരങ്ങള്‍ നല്‍കി സെല്‍ഫ് എന്യൂമറേഷന്റെ ഭാഗമായി. ഈ പ്രവര്‍ത്തനത്തില്‍ ശതമാന  കണക്കില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനമാണ് ജില്ലയ്ക്ക്. സെന്‍സസ് പ്രവര്‍ത്തങ്ങള്‍ക്ക് ഓരോ ചാര്‍ജുകളിലും ഹൗസ് ലിസ്റ്റിങ് ബ്ലോക്കുകള്‍ രൂപീകരിച്ചു പൂര്‍ത്തിയാക്കുന്നതില്‍ ജില്ല ഒന്നാം സ്ഥാനത്തെത്തി. ജൂലൈ ഒന്ന് മുതല്‍ 30 വരെയുള്ള കാലയളവിലാണ് എന്യുമറേറ്റര്‍മാര്‍ നേരിട്ട് വീടുകളിലെത്തി വിവരശേഖരണം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതിന് മുമ്പ് ജില്ലയിലെ മുഴുവന്‍ വീടുകളിലെയും സെന്‍സസ് കണക്കെടുപ്പ് പൂര്‍ത്തിയാക്കി സംസ്ഥാനതലത്തില്‍ രണ്ടാസ്ഥാനം കൈവരിക്കാന്‍ ജില്ലയ്ക്കായി.
സെന്‍സസ് ഒന്നാംഘട്ട പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാകുന്നതിന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ല കലക്ടര്‍ എ നിസാമുദ്ദീന്റെ നേതൃത്വത്തില്‍ കൃത്യമായ അവലോകനയോഗം നടത്തി ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു.  
 

 

date