ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേകം പരിഗണിക്കും
മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മഴക്കെടുതി അനുഭവിച്ചവരുടെ വിഷമത നേരിട്ടറിഞ്ഞു. റാന്നി എംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ദുരന്തബാധിതരുടെ പ്രശ്‌നങ്ങള്‍ കേട്ട് മുഖ്യമന്ത്രി പരാതി സ്വീകരിച്ചു. പരാതികള്‍ ഓരോന്നും പ്രത്യേകമായി പരിശോധിച്ച് ശ്വാശ്വത പരിഹാരം കണ്ടെത്തുമെന്ന ഉറപ്പും അദ്ദേഹം നല്‍കി.
തുടര്‍ച്ചയായ പ്രകൃതി ക്ഷോഭം നേരിടുന്ന ജില്ലയെ ചേര്‍ത്തുപിടിക്കുന്ന സമീപനമായിരുന്നു മുഖ്യമന്ത്രിയുടേത്. മഴക്കെടുതിയില്‍ നഷ്ടം സംഭവിച്ച റാന്നിയിലേതുള്‍പ്പെടെ വ്യാപാരികളുടെ നഷ്ടം പ്രത്യേകമായി പരിഗണിക്കും. കച്ചവടക്കാരെ സഹായിക്കാനായി വായ്പ പദ്ധതികളും മറ്റു പ്രത്യേക സഹായവും മന്ത്രിസഭ യോഗത്തില്‍ പ്രഖ്യാപിക്കുമെന്ന് ഉറപ്പുനല്‍കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ശുചീകരണത്തിന് അടിയന്തരമായി 10,000 രൂപ നല്‍കും. പ്രകൃതി ക്ഷോഭത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം നാലില്‍ നിന്ന് ആറു ലക്ഷമാക്കി ഉയര്‍ത്തി. ഭാഗികമായി വീട് നഷ്ടമായവര്‍ക്കും ഉചിതമായ സഹായം നല്‍കും. വിളനാശം നേരിട്ട കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കും. നിലവില്‍ ഒരു ഹെക്ടര്‍ നെല്‍കൃഷി നശിച്ചാല്‍ നല്‍കുന്നത് 13,500 രൂപയാണ്. ഈ തുക ഉയര്‍ത്തും. പകര്‍ച്ചവ്യാധി തടയാനും കൃത്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ക്യാമ്പുകളില്‍ തുടര്‍ച്ചയായി വൈദ്യപരിശോധന നടത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.
വെള്ളപ്പൊക്കം ഒഴിവാക്കാന്‍ പുഴകളിലും അണക്കെട്ടുകളിലും അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കം ചെയ്ത് ജലസംഭരണ ശേഷി വര്‍ധിപ്പിക്കും. രാജ്യത്തെ തന്നെ ഏറ്റവും മികച്ച കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദുരന്തബാധിതര്‍ക്കൊപ്പമുണ്ടെന്ന ഉറപ്പും മുഖ്യമന്ത്രി നല്‍കി.
ജില്ലയുടെ ചുമതലയുള്ള സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്, എംഎല്‍എമാരായ പഴകുളം മധു, സി വി ശാന്തകുമാര്‍, ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍, ജില്ല പൊലിസ് മേധാവി ആര്‍ ആനന്ദ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം:
റാന്നി എംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ദുരന്തബാധിതരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്‍
- Log in to post comments