Skip to main content
a

ജില്ല കലക്ടര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ കലക്ടര്‍ എ നിസാമുദ്ദീന്‍ സന്ദര്‍ശിച്ചു. ക്യാമ്പുകളിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി ജനങ്ങളുടെ ആവശ്യങ്ങള്‍ കേട്ടു. ദുരിന്തബാധിതരായ കുടുംബങ്ങള്‍ക്ക് വേണ്ട എല്ലാ സഹായവും സര്‍ക്കാര്‍ ഉറപ്പാക്കിയതായി അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ജില്ല ഭരണകൂടം മുന്‍ഗണന നല്‍കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കൃത്യമായ ഏകോപനത്തോടെയാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പാക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ക്യാമ്പുകളില്‍ മെഡിക്കല്‍ പരിശോധനയുണ്ട്. ആറന്മുള ജി വി എച്ച് എസ് എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനത്തിനിടെ അവധി അപേക്ഷയുമായി എത്തിയ കുട്ടികളോട് എല്ലാവരുടേയും ആവശ്യം പരിഗണിക്കുമെന്ന് ജില്ല കലക്ടര്‍ പുഞ്ചിരിയോടെ മറുപടി നല്‍കി.
ഓഗസ്റ്റ് അഞ്ച് വൈകിട്ട് അഞ്ചുവരെയുള്ള കണക്കുപ്രകാരം ജില്ലയില്‍ 158 ദുരിതാശ്വാസ ക്യാമ്പുകളിലായി 3313 കുടുംബങ്ങളിലെ 10683 പേരുണ്ട്. ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ തിരുവല്ല താലൂക്കിലാണ്, 101 എണ്ണം. കോഴഞ്ചേരി 24, കോന്നി നാല്, അടൂര്‍ ആറ്, റാന്നി ഒമ്പത്, മല്ലപ്പള്ളി 14 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ ക്യാമ്പുകള്‍. മഴക്കെടുതിയില്‍ അടൂര്‍, റാന്നി താലൂക്കുകളില്‍ ഓരോ വീട് പൂര്‍ണമായും തകര്‍ന്നു. ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം കോഴഞ്ചേരി ഒമ്പത്, കോന്നി 17, മല്ലപ്പള്ളി മൂന്ന്, അടൂര്‍ നാല്, റാന്നി 23 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചിത്രം: 

ആറന്മുള ജി വി എച്ച് എസ് എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനത്തിനിടെ ജില്ല കലക്ടര്‍ എ നിസാമുദ്ദീനോട് ഓഗസ്റ്റ് ആറിന് അവധി നല്‍കണമെന്ന അപേക്ഷയുമായെത്തിയ കുട്ടികള്‍

date