സഹജീവനം പദ്ധതിയുടെ ആദ്യ പരിശീലനം പൂർത്തിയായി
മലപ്പുറം ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഡിസബിലിറ്റി സെൻസസ് ‘സഹജീവനം’ പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് നടപ്പിലാക്കുന്ന വേങ്ങര ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ, അങ്കണവാടി വർക്കർമാർ, ആശാ വർക്കർമാർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം പൂർത്തിയായി.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഇ. അഹമ്മദ് സാഹിബ് സ്മാരക കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം, ആരോഗ്യം വിദ്യഭാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ വി ടി മൊയ്ദീൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ ,ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ എന്നിവർ സംസാരിച്ചു.
കെ.എസ്.എസ്.എം ജില്ലാ കോർഡിനേറ്റർ അസീസ്, എസ്.ഐ.ഡി ജില്ലാ കോർഡിനേറ്റർ ജിൻഷി പുളിക്കൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
ഭിന്നശേഷിക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും, അവരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള സമഗ്ര വിവരശേഖരണം ഉറപ്പാക്കുകയും ചെയ്യുന്നതാണ് ‘സഹജീവനം’ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
- Log in to post comments