വൈവിധ്യമാര്‍ന്ന ഓഫറുകളുമായി സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങി
വൈവിധ്യമാര്‍ന്ന ഓഫറുകളും ആകര്‍ഷകമായ സമ്മാന കൂപ്പണുകളുമായി കളക്ടറേറ്റ് പരിസരത്ത് സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങി. ഓണക്കാലത്ത് ന്യായവിലയില്‍ പച്ചക്കറിയും പലവ്യഞ്ജന സാധനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഫെയര്‍ ടി.ഒ. മോഹനന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓണം തുടങ്ങിയ ഉത്സവവേളയിലെ കമ്പോളമത്സരങ്ങള്ക്കിടയില് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഇത്തരം മേളകള്‍ക്ക് കഴിയുമെന്ന് എം.എല്‍.എ പറഞ്ഞു. വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ലിഷ ദീപക് അദ്ധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ അഡ്വ.പി. ഇന്ദിര ആദ്യ വില്‍പ്പന ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന് വിശിഷ്ടാതിഥിയായി. സപ്ലൈകോ ഡിപ്പോ മാനേജര്‍ കുഞ്ഞികൃഷ്ണന്, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എന്‍.ബിന്ദു, മുസ്ലിഹ് മഠത്തില്‍, വെള്ളോറ രാജന് എന്നിവര്‍ സംസാരിച്ചു. ഗുണമേന്മയേറിയ ഉത്്പന്നങ്ങള്‍ വിലക്കുറവില്‍ മേളയില്‍ ലഭ്യമാകും.
ഓഗസ്റ്റ് 25ന് ഓണം ഫെയര്‍ സമാപിക്കും. കാര്‍ഡുടമകള്‍ക്ക് അരക്കിലോ മുതല്‍ ഒരു കിലോ വരെയുള്ള സബ്സിഡി സാധനങ്ങള്‍ ലഭിക്കും. ഓണം പ്രമാണിച്ച് ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ വിഹിതം ഒന്നിച്ചു വാങ്ങാം. മറ്റ് നിത്യോപയോഗ സാധനങ്ങള്‍ 30 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. ഓണസമ്മാനമായി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്കാവുന്ന 500, 1000 രൂപയുടെ ഗിഫ്റ്റ് കൂപ്പണുകളും ഫെയറില്‍ ലഭ്യമാണ്. ഇവ ഉപയോഗിച്ച് ഏത് സപ്ലൈകോ ഔട്ട്ലെറ്റുകളില് നിന്നും വരിനില്‍ക്കാതെ സാധനങ്ങള്‍ വാങ്ങാം.
അരി, വെളിച്ചെണ്ണ, പഞ്ചസാര, വിവിധ ശബരി മസാലകള്‍ തുടങ്ങി 21 ഇനങ്ങള്‍ അടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്കും, 25 ഇനങ്ങള്‍ അടങ്ങിയ ഉത്രാടം കിറ്റ് 1500 രൂപയ്ക്കും, മുപ്പത് ഇനങ്ങളടങ്ങിയ തിരുവോണം കിറ്റ് 2000 രൂപയ്ക്കും ലഭിക്കും. 1500 രൂപയുടെ സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഓണക്കാലത്ത് 100 രൂപയുടെ മൂല്യമുള്ള ഒരു കൂപ്പണ്‍ സപ്ലൈകോ സമ്മാനമായി നല്‍കും. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ ആയിരമോ അതില്‍ കൂടുതലോ വിലയ്ക്ക് സപ്ലൈകോ നിന്നും സബ്സിഡിയിതര സാധനം വാങ്ങുമ്പോള്‍ ഈ കൂപ്പണ്‍ റിഡീം ചെയ്യാം.
കൂടാതെ 1000 രൂപയുടെ ഓരോ പര്‍ച്ചേസിനും ഉപഭോക്താവിന് ഒരു സമ്മാനകൂപ്പണ്‍ നല്‍കും. ഓണത്തിന് ശേഷം നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് സമ്മാനം നല്‍കും. നറുക്കെടുപ്പ് വിജയിക്ക് ഹീറോ മാവെറിക്ക് മോട്ടോര്‍ സൈക്കിള്‍, രണ്ടാം സ്ഥാനം രണ്ടു പേര്‍ക്ക് അര പവന് സ്വര്‍ണ നാണയം വീതം, മൂന്നാം സ്ഥാനം മൂന്നു വാഷിങ് മെഷിനുകള്‍, ജില്ലാ തല വിജയികള്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ തുടങ്ങിയ വിവിധ സമ്മാന പദ്ധതികള്‍ സപ്ലൈകോ ഇത്തവണ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
കുടുംബശ്രീ ഓണം വിപണന മേളയ്ക്ക് ഇന്ന് തുടക്കം
കുടുംബശ്രീ ജില്ലാമിഷന് കണ്ണൂരിന്റെ നേതൃത്വത്തില്‍ ജില്ലാതല ഓണം വിപണന മേള ഓഗസ്റ്റ് 15 മുതല്‍ 25 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ സംഘടിപ്പിക്കും. ജില്ലാതല മേളയുടെ ഭാഗമായി കുടുംബശ്രീ ഭക്ഷ്യ വിപണന മേളയും സംഘടിപ്പിക്കും. കുടുംബശ്രീ സംരംഭകര്‍ നിര്‍മ്മിക്കുന്ന വിവിധതരം ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍, കൈത്തറി കരകൗശല ഉല്‍പ്പന്നങ്ങള്‍, വീട്ടു പയോഗ സാധനങ്ങള്‍ തുടങ്ങിയവ മേളയില്‍ ലഭ്യമാകും.
ഓണസദ്യ ബുക്കിംഗ് ആരംഭിച്ചു
കുടുംബശ്രീ ജില്ലാമിഷന് കണ്ണൂരിന്റെ നേതൃത്വത്തില്‍ 'ഓണസദ്യ വീട്ടുപടിക്കല്‍' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കുറഞ്ഞത് 170 രൂപ മുതല്‍ രുചികരമായ ഓണസദ്യ ഉപഭോക്താക്കളുടെ വീടുകളില്‍ എത്തിക്കും. ചോറ്, സാമ്പാര്‍, അവിയല്‍, ഓലന്‍, കൂട്ടുകറി, തോരന്‍, അച്ചാര്‍, പപ്പടം, പ്രഥമന്‍, തുടങ്ങിയ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന ഓണസദ്യയാണ് ലഭ്യമാക്കുന്നത്.
ബുക്കിംഗിനായി ബന്ധപ്പെടാം: പയ്യന്നൂര്‍: 9447737665, തളിപ്പറമ്പ: 8281825972, കല്യാശ്ശേരി: 9744194748, കണ്ണൂര്‍: 9895053951, എടക്കാട്: 9747265983, തലശ്ശേരി: 7594022057, പാനൂര്‍: 9072232696, കുത്തുപറമ്പ: 9497604604, പേരാവൂര്‍: 9544104358, ഇരിട്ടി: 9961376841, ഇരിക്കൂര്‍: 7907783960.
- Log in to post comments