Skip to main content

ജില്ലാതല അറിയിപ്പുകള്‍

വിധവകള്‍ക്ക് വീട് പുനരുദ്ധാരണത്തിന് ധനസഹായം

ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകളോ വിവാഹബന്ധം വേര്‍പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകള്‍ക്ക് വീട് അറ്റകുറ്റപ്പണികള്‍ക്കായി 50,000 രൂപ ധനസഹായം. തുക തിരിച്ചടക്കേണ്ടതില്ല. ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ന്യൂനപക്ഷക്ഷേമ വകുപ്പാണ് മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ധനസഹായം നല്‍കുന്നത്.
വീടിന്റെ വിസ്തീര്‍ണ്ണം 1200 ചതുരശ്ര അടിയില്‍ കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. മുന്‍ഗണനാ കാര്‍ഡുടമകള്‍, മക്കളില്ലാത്തവര്‍, പെണ്‍മക്കള്‍ മാത്രമുള്ളവര്‍, അപേക്ഷകയോ മക്കളോ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ വിഭാഗത്തില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ വിഭാഗം, കണ്ണൂര്‍ കളക്ടറേറ്റ് എന്ന വിലാസത്തില്‍ തപാലിലോ സെപ്റ്റംബര്‍ 10നകം ലഭിക്കണം. അപേക്ഷാ ഫോം www.mwdscholarship.kerala.gov.inലെ 'ന്യൂസ് ആന്റ് അപ്ഡേറ്റ്സ്' വിഭാഗത്തില്‍ ലഭ്യമാണ്.

കാവുകള്‍ക്ക് ധനസഹായം

കേരള വനം വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, 2026-27 വര്‍ഷം ജില്ലയിലെ കാവുകള്‍ക്ക് ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫോറത്തിലുള അപേക്ഷ കാവിന്റെ ഉടമസ്ഥരില്‍ നിന്നും സെപ്തംബര്‍ 10നകം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, കണ്ണോത്തും ചാല്‍, താണ (പി.ഒ), കണ്ണൂര്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോറം വനം https://forest.kerala.gov.in ല്‍ ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0497-2705105, 8547603826, 8547603829.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

കേരള വനം വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, കണ്ണൂര്‍ 2026-27 വര്‍ഷം ജില്ലയിലെ പരിസ്ഥിതി /വനം വന്യജീവി ജൈവവൈവിധ്യ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന വനമിത്ര അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ തങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ സഹിതം സെപ്തംബര്‍ പത്തിനകം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, കണ്ണോത്തുംചാല്‍, താണ (പി.ഒ). കണ്ണൂര്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0497-2705105, 8547603826, 8547603829.

അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍

കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോമിലെ, ലൂനാറ്റിക്ക് തടവുകാരെ നിരീക്ഷിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ തസ്തികയില്‍ താല്ക്കാലിക നിയമനത്തിനായി 02 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 55 വയസ്സില്‍ താഴെയുള്ളതും എസ്എസ്എല്‍സി പാസ്സായതും, മെഡിക്കല്‍ കാറ്റഗറി SHAPE-1 ആയതുമായ വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം. താത്പ്പര്യമുള്ളവര്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്‌ട്രേഷന്‍ ചെയ്ത എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും, വിമുക്തഭട ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പും സഹിതം ആഗസ്ത് 24 ന് മുന്‍പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ 0497 2700069.

ഹോസ്റ്റല്‍ വാര്‍ഡന്‍

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള അഴീക്കോട് വന്‍കുളത്തുവയലില്‍ സ്ഥിതി ചെയ്യുന്ന ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ ഒഴിവുള്ള വാര്‍ഡന്‍ (വനിത) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ കാര്‍ഡ് പകര്‍പ്പ് എന്നിവ സഹിതം ആഗസ്ത് 29 ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കേണ്ടതാണ്.  യോഗ്യത എസ്.എസ്.എല്‍.സി വിജയം, സമാനമേഖലയിലുള്ള പ്രവൃത്തി പരിചയം. ഫോണ്‍ 9188920086.

പിഎസ്‌സി അഭിമുഖ പരീക്ഷ

കണ്ണൂര്‍, കാസറഗോഡ്, തിരുവനന്തപുരം ജില്ലകളിലെ താഴെ പറയുന്ന തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖ പരീക്ഷ ഓഗസ്റ്റ് 20ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ വെച്ച് നടത്തുന്നതാണ്. അഭിമുഖ പരീക്ഷയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ സന്ദേശം, ഫോണ്‍ സന്ദേശം എന്നിവ ഇതു സംബന്ധിച്ച് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മിഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം ഇന്റര്‍വ്യൂ ദിവസം നിശ്ചിത സമയത്ത് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ഹാജരാകേണ്ടതാണ്.

തസ്തിക, കാറ്റഗറി നമ്പര്‍, ചുരുക്കപ്പട്ടികയുടെ ജില്ല എന്നിവ ക്രമത്തില്‍:
ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (1st എന്‍സിഎ-എസ് സി)) ഇന്‍ ജനറല്‍ എഡുക്കേഷന്‍ ഡിപ്പാര്‍ട്മെന്റ് - 833/25 (KZD) - കാസറഗോഡ്
ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (4th  എന്‍സിഎ-എസ് ടി) ഇന്‍ ജനറല്‍ എഡുക്കേഷന്‍ ഡിപ്പാര്‍ട്മെന്റ് - 835/25 (KZD) - കാസറഗോഡ്
ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (1st   എന്‍സിഎ-എസ് ടി) ഇന്‍ എഡുക്കേഷന്‍ ഡിപ്പാര്‍ട്മെന്റ്- 326/25 (കെഎന്‍ആര്‍), 834/25 (KZD, TVM) - കണ്ണൂര്‍, കാസറഗോഡ്, തിരുവനന്തപുരം.

സീറ്റൊഴിവ്

കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് വനിത കോളേജില്‍ ഒന്നാം വര്‍ഷ ബി.എസ്.സി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് ബിരുദ പ്രോഗ്രാമുകളിലും ഇക്കണോമിക്‌സ് ബിരുദാനന്തര ബിരുദ പ്രോഗ്രാമിലും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ത്ഥിനികള്‍ ഓഗസ്റ്റ് 20 ന് 10 മണിക്ക് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകേണ്ടതാണ്.

നിധി ആപ്കെ നികട്- പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന 'നിധി ആപ്കെ നികട് -ജില്ല വ്യാപന പദ്ധതി ഗുണഭോക്താക്കള്‍ക്കായുള്ള പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ഓഗസ്റ്റ് 27 വ്യാഴം രാവിലെ 9.30 മുതല്‍ കണ്ണൂര്‍ പാറക്കണ്ടി ജില്ലാ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്നു. ഇപിഎഫ്/ ഇഎസ്‌ഐ അംഗങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും ഇ പി എസ് പെന്‍ഷണര്‍മാര്‍ക്കും, തൊഴിലാളി സംഘടനാപ്രതിനിധികള്‍ക്കും ഒരേ സമയം വിവര കൈമാറ്റത്തിനും പരാതി പരിഹാരത്തിനും വേണ്ടിയുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹജരാകേണ്ടതാണ്. ഫോണ്‍ 0497 2712355.

ഫാമിലി കൗണ്‍സിലര്‍ ഇന്റര്‍വ്യൂ

കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ ജെന്‍ഡര്‍ അവയര്‍നെസ്സ് സ്റ്റേറ്റ് പ്ലാന്‍ സ്‌കീം പ്രകാരം താല്‍കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്ന ഫാമിലി കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ ഓഗസ്റ്റ് 20 രാവിലെ 10 മണിക്ക് ധര്‍മശാലയിലുള്ള ജില്ല പോലീസ് ഓഫീസില്‍ വെച്ചു നടക്കുന്നതാണ്.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍

തോട്ടടയിലെ കണ്ണൂര്‍ ഗവ. ഐ.ടി.ഐ യില്‍ വയര്‍മാന്‍ ട്രേഡില്‍ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. ഇലക്ട്രിക്കല്‍ /ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിഗ്രി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഡിപ്ലോമ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍ടിസി/എന്‍എസി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 
യോഗ്യതയുള്ള പൊതുവിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്ത് 20 രാവിലെ 11 മണിക്ക് വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്കായി പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകേണ്ടതാണ്.  ഫോണ്‍ 0497 2835183.

വിദ്യാതീരം 2026-27 അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന 'വിദ്യാതീരം 2026-27' പദ്ധതി പ്രകാരം, രക്ഷിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ഉന്നത വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നു. മത്സ്യബന്ധനത്തിനിടയില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. അപേക്ഷകര്‍ പത്താം ക്ലാസ് വിജയിച്ചവരായിരിക്കണം. 
വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, രക്ഷിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, രക്ഷിതാവ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗമാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മറ്റ് ആവശ്യമായ രേഖകള്‍ എന്നിവ സഹിതം അതാത് മത്സ്യഭവന്‍ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനുമായി അടുത്തുള്ള ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ അല്ലെങ്കില്‍ ജില്ലാ ഫിഷറീസ് ഓഫീസുമായോ ബന്ധപ്പെടുക.? അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി? ആഗസ്ത് 31.  ഫോണ്‍: 0497 2731081

സീറ്റ് ഒഴിവ് 

കണ്ണൂര്‍ ഗവ. വനിതാ ഐ.ടി.ഐയില്‍ എസ് സി/ എസ് ടി വിഭാഗത്തിലും ജനറല്‍ വിഭാഗത്തിലും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ആഗസ്ത് 19 രാവിലെ 10 മണിക്ക് നേരിട്ടെത്തി അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. ഫോണ്‍ 0497-2835987, 7012827630 

പ്രതിമാസ ധനസഹായം

മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് ഡിവിഷനില്‍ നിന്നും 2026 ജൂണ്‍ മാസം വരെ ആനുകൂല്യം കൈപ്പറ്റിയ ആചാരസ്ഥാനികര്‍/ കോലധാരികള്‍ക്കും 2026 ജൂലൈ മാസത്തെ ആനുകൂല്യം അനുവദിച്ചിട്ടുണ്ട്. ഗുണഭോക്താക്കള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് നീലേശ്വരത്തുള്ള കാസര്‍ഗോഡ് ഡിവിഷന്‍ ഓഫീസില്‍ സമര്‍പ്പിച്ച ബാങ്ക് അക്കൗണ്ട് പരിശോധിച്ച് ആനുകൂല്യം അവരവരുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആയിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

കെല്‍ട്രോണില്‍ വിവിധ കോഴ്‌സുകള്‍ക്ക് ഫീസ് ഇളവ്

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്റില്‍ തിരഞ്ഞെടുക്കപ്പെട്ട വിവിധ കോഴ്‌സുകളിലേക്ക് ഫീസ് ഇളവുകളോടെ അഡ്മിഷന്‍ ആരംഭിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, പിജിഡിസിഎ, ഡിസിഎ എന്നീ കോഴ്‌സുകളിലാണ് പ്രത്യേക ഡിസ്‌കൗണ്ട് ലഭ്യമാക്കിയിട്ടുള്ളത്. ഈ ആനുകൂല്യം സെപ്റ്റംബര്‍ 30 വരെ മാത്രം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷിക്കണം. ഫോണ്‍: 0460-2205474, 9847915099.

ലേലം

പയ്യന്നൂര്‍ താലൂക്കില്‍ എരമം വില്ലേജില്‍ സി.പി.നാരായണന്‍ സ്മാരക ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലുള്ള ഭാഗികമായി തകര്‍ന്ന ഒരു പഴയ  ഓട് മേഞ്ഞ കെട്ടിടവും അതിനോടനുബന്ധിച്ചുള്ള ഉപയോഗശൂന്യമായ ടോയ്‌ലെറ്റും പൊളിച്ചെടുക്കുന്നതിനായി സ്‌കൂള്‍ പരിസരത്ത് വെച്ച് സെപ്തംബര്‍ അഞ്ച് രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യുകയും. കെട്ടിടങ്ങള്‍ പൊളിച്ചെടുക്കാമെന്ന് കാണിച്ചുള്ള ദര്‍ഘാസുകള്‍ ക്ഷണിക്കുകയും ചെയ്യുന്നു. തുക രേഖപ്പെടുത്തിയ മുദ്ര വെച്ച കവറുകള്‍ രാവിലെ 10 മണിക്കും 10.30 മണിക്കും മധ്യേ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ 9605047616, 9447304521,  9961611650, 9447416724, 7907593972.

ഡിപ്ലോമ കോഴ്‌സുകള്‍

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഒന്നര വര്‍ഷം കാലാവധി ഇന്റേണ്‍ഷിപ്പും പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. ഫോണ്‍: 7994449314

സൗജന്യ തൊഴില്‍ പരിശീലനം

പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്‌കില്‍ ഹബ് പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍  സൗജന്യ തൊഴില്‍ പരിശീലനം ആരംഭിക്കുന്നു.  പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി സപ്ലൈ ചെയിന്‍ എക്‌സിക്യൂട്ടീവ് കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.  ഫോണ്‍ 9495999712.

കുടുംബശ്രീയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

2025-26 സാമ്പത്തിക വര്‍ഷത്തില്‍ കണ്ണൂര്‍ ജില്ലയിലെ സി.ഡി.എസ്സുകളില്‍ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകള്‍ (ഐ എഫ് സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ഐ എഫ് സി ആംഗര്‍, സീനിയര്‍ ആര്‍പി എന്നീ തസ്തികകളിലേക്ക് 3 വര്‍ഷത്തേക്ക് നിയമനം നടത്തുന്നു. അതാത് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. 
വിഎച്ച്‌സി- അഗ്രികള്‍ച്ചര്‍/ അലൈഡ് സയന്‍സ് ആണ് ഐ എഫ് സി ആങ്കര്‍ യോഗ്യത. പ്രായപരിധി 40 വയസ്സ്. പ്രതിമാസ ഹോണറേറിയം 8750 രൂപ. കുറുമാത്തൂര്‍, ആറളം, കണിച്ചാര്‍, പെരിങ്ങോം വയക്കര സി ഡി എസ്സുകളിലേക്കാണ് ഇന്റര്‍വ്യൂ.
കൃഷി സഖി/ പശു സഖി/അഗ്രി സി ആര്‍ പി എന്ന നിലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ആണ് സീനിയര്‍ സി ആര്‍ പി യോഗ്യത. പ്രായപരിധി 50 വയസ്സ്. പ്രതിമാസ ഹോണറേറിയം 10,000 രൂപ.   ആറളം, പായം, കണിച്ചാര്‍, പെരിങ്ങോം വയക്കര സി ഡി എസ്സുകളിലേക്കാണ് ഇന്റര്‍വ്യൂ. 
താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 31 രാവിലെ 11 മണിക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ അപേക്ഷയും വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസ്സല്‍ രേഖകളുമായി ഹാജരാകേണ്ടതാണ്. ഫോണ്‍ 0497 2702080.

ബോണസ് തര്‍ക്കങ്ങളില്‍ തീരുമാനമായി

ജില്ലയിലെ വിവധ മേഖലകളില്‍ നടന്നിരുന്ന 2025-26 വര്‍ഷത്തെ ബോണസ് തര്‍ക്കങ്ങളില്‍ തീരുമാനമായി. പാചകവാതക ഏജന്‍സികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ബോണസ് തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ (ഇന്‍ചാര്‍ജ്) എസ് പി ബഷീറിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന തൊഴിലാളിയുടെയും തൊഴിലുടമകളുടെയും യോഗത്തില്‍  2025-26 വര്‍ഷത്തെ ബോണസ് ആയി നിലവിലെ അടിസ്ഥാന ശമ്പളത്തോടൊപ്പം 2024-25 വര്‍ഷത്തെ ഡി.എ.യും കണക്കാക്കി അതിന്റെ 13.25 ശതമാനം ബോണസായി നല്‍കാനും തീരുമാനമായി. 

വിവിധ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ബോണസ് തര്‍ക്കവും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ  ബോണസ് തര്‍ക്കവും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് 1 സജിത് ചിറയിലിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന തൊഴിലാളി-തൊഴിലുടമകളുടെ യോഗത്തില്‍ പരിഹരിച്ചു. 8.33 ശതമാനം ബോണസായി നല്‍കാനാണ് തീരുമാനമായത്.

date