നോർക്ക കെയർ പ്ലസ് രണ്ടാംഘട്ട എൻറോൾമെന്റിന് തുടക്കമായി
*ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവ്വഹിച്ചു
*രണ്ടാംഘട്ട എൻറോൾമെന്റ് സെപ്റ്റംബർ 18 വരെ
പ്രവാസികേരളീയർക്കായുളള സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസ്സിന്റെ രണ്ടാംഘട്ട എൻറോൾമെന്റിനും ഇതിനായുളള വെബ്ബ് പോർട്ടലിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിച്ചു. അഞ്ചു ലക്ഷം മുതൽ ഒരു കോടി രൂപ വരെയുളള ഏഴു വിവിധ സ്ലാബുകളിൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യയമാക്കുന്നതാണ് പദ്ധതി. സാധുവായ നോർക്ക പ്രവാസി ഐഡിയോ, സ്റ്റുഡന്റ് ഐഡിയോ, എൻ.ആർ.കെ ഐഡിയോ ഉളള പ്രവാസികേരളീയർക്കാണ് എൻറോൾ ചെയ്യാനാകുക. 2026 സെപ്റ്റംബർ 18 വരെയാണ് രണ്ടാംഘട്ട എൻറോൾമെന്റിന് അവസരം.
മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ നോർക്ക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അഞ്ജന എം, നോർക്ക റൂട്ട്സിൽ നിന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജേഷ് മാധവൻ, ജനറൽ മാനേജർ പ്രകാശ് പി ജോസഫ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ മാത്യു ജോർജ്, ഡെപ്യൂട്ടി ജനറൽ മാനേജർ നിഷ മാത്യു, വിഡൽ ഹെൽത്ത് TPA എക്സിക്യൂട്ടീവ് ഡയറക്ടർ നീത യു, സീനിയർ വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ഡി.ജെ, അക്ഷയ ഇൻഷുറൻസ് ബ്രോക്കേഴ്സ് (AiBL) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സന്തോഷ് കെ.എം, നോർക്ക റൂട്ട്സ് ഐ.ഡി കാർഡ് വിഭാഗം ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.
10 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുളള പോളിസികളിൽ പോളിസി ഉടമയുടെയോ പങ്കാളിയുടേയോ മാതാപിതാക്കളേയും (80 വയസ്സു വരെ) ഉൾപ്പെടുത്താനാകും. നോർക്ക റൂട്ട്സ് വെബ്ബ്സൈറ്റ് സന്ദർശിച്ചോ (www.norkaroots.kerala.gov.in) നോർക്ക കെയർ പ്ലസ് മൊബൈൽ ആപ്ലിക്കേഷനുകൾ (ആപ്പിൾ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ) വഴിയോ എൻറോൾ ചെയ്യാവുന്നതാണ്. 2026 ഏപ്രിൽ 15 ന് പ്രാബല്യത്തിൽ വന്ന നോർക്ക കെയർ പ്ലസ്സിന്റെ ശേഷിക്കുന്ന എട്ടു മാസത്തേയ്ക്കാണ് (2027 ഏപ്രിൽ 14 വരെ) എൻറോൾമെന്റ് ഇതിനനുസരിച്ച് പ്രീമിയത്തിലും ആനുപാതികമായ കുറവുണ്ടാകും.
കേരളത്തിലെ 688 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 24,000 ത്തോളം ആശുപത്രികൾ വഴി ക്യാഷ്ലെസ്സ് ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. പ്രമുഖ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പി.എൻ.എക്സ്. 3316/2026
- Log in to post comments