Skip to main content

ഓപ്പറേഷൻ തൂഫാന് രാഷ്ട്രീയം ഇല്ല, മയക്കുമരുന്നിനെതിരായ പൊരുതലിൽ കൈകോർക്കണം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

 

'തകൃതോണം' കൊടുങ്ങല്ലൂർ ഓണം മെഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

 

പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രസ്താവിച്ചു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ നഗറിൽ (ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്) സംഘടിപ്പിച്ച 'തകൃതോണം' കൊടുങ്ങല്ലൂർ ഓണം മെഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഓപ്പറേഷൻ തൂഫാന് യാതൊരുവിധ രാഷ്ട്രീയമോ ജാതി-മത പരിഗണനകളോ ഇല്ലെന്നും, പുതുതലമുറയെ വഴിതെറ്റിക്കുന്ന മരണത്തിന്റെ വ്യാപാരികൾക്കെതിരെയുള്ള ശക്തമായ നടപടിയാണിതെന്നും മന്ത്രി വ്യക്തമാക്കി. രാസലഹരിയിൽ അടിപ്പെട്ടുപോയാൽ പിന്നീട് ഒരു മോചനം എളുപ്പമല്ല. അതുകൊണ്ടുതന്നെ ഓപ്പറേഷൻ തൂഫാന് ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്നത് അമ്മമാരിൽ നിന്നും സഹോദരിമാരിൽ നിന്നുമാണ്. കുടുംബത്തിലെ വേദനകളും പ്രയാസങ്ങളും ഏറ്റവും കൂടുതൽ നേരിട്ടറിയുന്നത് അവരാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

 

വെറും 76 ദിവസങ്ങൾക്കുള്ളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 10,000-ത്തിൽ അധികം പേരെ അറസ്റ്റ് ചെയ്യുകയും 9,000-ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. നൂറിലധികം മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതിനൊപ്പം നിരവധി കുറ്റവാളികൾക്കെതിരെ 'കാപ്പ' ചുമത്തുകയും ചെയ്തു. എല്ലാവരും ഒറ്റക്കെട്ടായി നിലകൊണ്ടാൽ കേരളത്തിന്റെ അതിർത്തിക്കുള്ളിൽ രാസലഹരി കടന്നുവരില്ലെന്ന നിശ്ചയദാർഢ്യം നമുക്കുണ്ടാകണം. ഇത്തവണത്തെ ഓണാഘോഷങ്ങൾ ലഹരിക്കെതിരെയുള്ള സന്ദേശമുയർത്തി 'തൂഫാൻ ഓണം' ആയി കൊണ്ടാടാനാണ് തീരുമാനിച്ചിട്ടുള്ളത്. ഏവർക്കും സന്തോഷത്തോടെ ഓണം ആഘോഷിക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഉറപ്പുനൽകി.

 

ജാതി-മത-വർണ-വർഗ വ്യത്യാസമില്ലാതെ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുമിച്ച് ആഘോഷിക്കുന്ന മഹോത്സവമാണ് ഓണം. നാടിന്റെ ഐക്യവും യോജിപ്പും പ്രകടിപ്പിക്കുന്ന ഈ ഉത്സവം ഒരു വലിയ ദേശീയ ആഘോഷമാണ്. മതേതരത്വത്തിന്റെ മഹാഭൂമിയായ കൊടുങ്ങല്ലൂരിന്റെ മണ്ണിൽ ജനങ്ങൾക്ക് ഒരുമിച്ച് ആഘോഷിക്കാൻ പോന്ന തരത്തിൽ അഞ്ചു ദിവസം നീളുന്ന വിപുലവും ആകർഷകവുമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 

കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്‌സൺ ഹണി പീതാംബരൻ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്‌സണുമായ സുഭാഷിണി രാജീവ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 

 

 

തകൃതോണം രണ്ടാം ദിവസമായ ഓഗസ്റ്റ് 22ന് വൈകുന്നേരം പൊതുസമ്മേളനം സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്യും . രമേശ് പിഷാരടി മുഖ്യാതിഥി ആകും . കേരളത്തിലെ ഏറ്റവും പ്രശസ്ത മ്യൂസിക് ബാൻഡ് ആയ സയനോരാ ലൈവ് അരങ്ങേറും.

date