Skip to main content
തദ്ദേശ പൂക്കള മത്സരം 2026 ന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ ഒരുക്കിയ പൂക്കളം

ജില്ലാതല ഓണാഘോഷം: വര്‍ണപ്പൂക്കളങ്ങളൊരുക്കി തദ്ദേശ സ്ഥാപനങ്ങള്‍

ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന വര്‍ണപ്പൂക്കളങ്ങളൊരുക്കി തദ്ദേശ സ്ഥാപനങ്ങള്‍. വിനോദസഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ചേര്‍ന്ന് ഓഗസ്റ്റ് 24 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായുള്ള 'തദ്ദേശ പൂക്കള മത്സരം 2026'ലാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ആവേശത്തോടെ പങ്കാളികളായത്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവയുള്‍പ്പെടെ 11 ക്ലസ്റ്ററുകളിലായി 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഒരേസമയം മത്സരത്തില്‍ മാറ്റുരച്ചത്. 

പ്ലാസ്റ്റിക്, കൃത്രിമ നിറങ്ങള്‍, സിന്തറ്റിക് വസ്തുക്കള്‍ എന്നിവ പൂര്‍ണമായി ഒഴിവാക്കി പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 വരെ അതത് തദ്ദേശ സ്ഥാപനങ്ങളില്‍ പൂക്കളങ്ങള്‍ ഒരുക്കിയത്. വിശദമായ വിലയിരുത്തലിന് ശേഷം വിജയികളെ പ്രഖ്യാപിക്കും. നേരിട്ടുള്ള പരിശോധനക്ക് പുറമെ തത്സമയ ലൈവ് വീഡിയോ നിരീക്ഷണം, ജിയോടാഗ് ചെയ്ത ഫോട്ടോകള്‍, വീഡിയോ സ്‌കാനിങ് എന്നിവ ഉള്‍പ്പെടുത്തിയാണ് വിധിനിര്‍ണയം. 

ആദ്യമായാണ് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുമായി ഇത്തരമൊരു മത്സരം സംഘടിപ്പിച്ചത്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50000 രൂപ, 25000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. വിവിധ കാറ്റഗറികളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന ടീമുകള്‍ക്ക് പ്രത്യേക ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും.

date