Skip to main content

ജില്ലയില്‍ ഖരമാലിന്യ സംസ്‌കരണ നടപടികള്‍ ശക്തമാക്കും

ജില്ലയില്‍ ഖരമാലിന്യ സംസ്‌ക്കരണ ചട്ടങ്ങള്‍-2026 കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുമെന്ന് ജില്ലാതല സ്‌പെഷ്യല്‍ സെല്‍ ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല സ്‌പെഷ്യല്‍ സെല്‍ യോഗം തീരുമാനിച്ചു.  ഓണക്കാലത്ത് ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നത് സംബന്ധിച്ച പൊതു ഭരണവകുപ്പിന്റെ ഉത്തരവ് എല്ലാവരും  പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. അജൈവമാലിന്യം മോണിറ്ററിങ് ചെയ്യുന്ന ഹരിതമിത്രം സര്‍വീസില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി പതിമൂന്നാം സ്ഥാനത്ത് നിന്നിരുന്ന ജില്ല ഒമ്പതാം സ്ഥാനത്തേക്ക് ഉയര്‍ന്നതിനെ യോഗം അഭിനന്ദിച്ചു. ജില്ലയില്‍  10 ലക്ഷത്തിലധികമുള്ള വിടുകളിലും  സ്ഥാപനങ്ങളിലും ഹരിത കര്‍മ്മ സേന സേവനം നല്‍കിയതും ജൂലായി മാസം നാലു കോടിയിലേറെ തുക യൂസ്സര്‍ ഫീ ആയി ശേഖരിച്ചതും വലിയ മുന്നേറ്റമായി യോഗം വിലയിരുത്തി.  ജില്ലയില്‍ കഴിഞ്ഞ മാസം 4600 ഓളം എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനകള്‍ നടത്തി 37 ലക്ഷത്തോളം രൂപ പിഴ ഈടാക്കി. ഖരമാലിന്യ സംസ്‌കരണം 2026 ചട്ട പ്രകാരം 100 കിലോ ഖരമാലിന്യം ഉത്പാദിപ്പിക്കുന്നവരും 20000 ച. മീ നിര്‍മ്മാണ വിസ്തൃതിയുള്ള സ്ഥാപനങ്ങളും, 40000 ലിറ്ററിന് മുകളില്‍ ജല ഉപഭോഗമുള്ള സ്ഥാപനങ്ങളും ബള്‍ക്ക് വേസ്റ്റ് ജനറേറ്റര്‍ ആയി പരിഗണിക്കും. ഇത്തരം സ്ഥാപനങ്ങള്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യണം. ഖരമാലിന്യ സംസ്‌കരണം ചട്ട പ്രകാരം നിയമലംഘനം നടത്തുന്ന ബള്‍ക്കു വേസ്റ്റ് ജനറേറ്റര്‍മാരുടെ വൈദ്യുത, ജല കണക്ഷനുകള്‍ വിച്ഛേദിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍  സ്വീകരിക്കുന്നതിന് ജില്ലാ തല സ്‌പെഷ്യല്‍ സെല്ലിന് അധികാരമുണ്ടായിരിക്കും. എം.സി.എഫിനായി സ്ഥലം അനുവദിക്കുന്നതിന് ലഭിച്ച 33 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അപേക്ഷകള്‍ ഡെപ്യൂട്ടി തഹസില്‍ദാറിന് നല്‍കുന്നതിനും തീരുമാനിച്ചു.

ജില്ലയിലെ 106 തദ്ദേശസ്ഥാപനങ്ങളിലും ഓഡിറ്റോറിയം, കാറ്ററിംഗ് സ്ഥാപന ഉടമകളുടെ  യോഗം   സെപ്തംബര്‍ ഒന്നിന്  വിളിച്ചു ചേര്‍ക്കം. ഇവയുടെ ജില്ലാ അസോസിയേഷന്‍ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓഗസ്റ്റ് 31 ന് ജില്ലാതല യോഗം ചേരും. ഡംബ് സൈറ്റുകളിലും ബള്‍ക്ക് വേസ്റ്റ് മാനേജര്‍ പരിസരങ്ങളിലും   ജില്ലാതല സ്‌പെഷ്യല്‍ സെല്ലിന്റെ  അംഗങ്ങള്‍ പരിശോധന നടത്തും. യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ശുചിത്വ മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വനം വകുപ്പ്, കുടുംബശ്രീ, ആര്‍.ടി.ഒ, ജലസേചനം തുടങ്ങിയ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date