ദേശീയ നേത്രദാന പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി
ദേശീയ അന്ധതാ കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി 41-ാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ കൊണ്ടോട്ടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ യു. കെ മമ്മദിശ നിര്‍വഹിച്ചു. 'നേത്രദാനം മഹാദാനം കണ്ണുകള്‍ ദാനം ചെയ്യാം കാഴ്ചയുടെ വെളിച്ചം പകരാം ജീവിതങ്ങള്‍ക്ക് പ്രകാശമാകാം' എന്നതായിരുന്നു ഈ വര്‍ഷത്തെ സന്ദേശം.
കൊണ്ടോട്ടി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പി. ആയിഷ ബിന്ദു അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി താലൂക്ക് ആസ്ഥാന സര്‍ക്കാര്‍ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.യു. ബാബു. നേത്രദാന പ്രതിജ്ഞ ചൊല്ലി കൊടുത്തു. മഞ്ചേരി ജില്ലാ മൊബൈല്‍ ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. സി.കെ. സ്മിത വിഷയാവതരണം നടത്തി. നേത്രദാന ക്വിസ് പ്രോഗ്രാമില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനവും നടന്നു. കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷരായ പി.പി.റഷീദ് അലി, ഇ.എം അബ്ദുല്‍ റഷീദ്, കെ. സഫറുദ്ദീന്‍, വാര്‍ഡ് കൗണ്‍സിലര്‍ വി. റജീന, പള്ളിക്കല്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. സന്തോഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇന്‍ ചാര്‍ജ് പി. റഊഫ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.കെ.അബ്ദുല്ലത്തീഫ്, പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് സിന്ധു, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പാര്‍വതി എന്നിവര്‍ സംസാരിച്ചു.
ഒപ്‌ടോമെട്രിസ്റ്റ് എസ്. ശ്രീഷ്മ ബോധവത്കരണ ക്ലാസ് നടത്തി. പക്ഷാചരണത്തിന്റെ ഭാഗമായി കൊണ്ടോട്ടി എന്‍.എസ്.എസ്.യൂണിറ്റ് ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍ മൈം ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. നെടിയിരുപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശ പ്രവര്‍ത്തക പി. ഇന്ദിര, ഒ. രജനി എന്നിവര്‍ ചടങ്ങില്‍ നേത്രദാനത്തിനുള്ള സമ്മതപത്രം നല്‍കി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ഫിറോസ് ഖാന്‍ സ്വാഗതവും ജില്ലാ ഒഫ്താല്‍മിക് കോഡിനേറ്റര്‍ കെ.എസ്. സുനിത നന്ദിയും പറഞ്ഞു.
- Log in to post comments