പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷത്തിന് ആവേശകരമായ പരിസമാപ്തി
ബിയ്യം കായലിന്റെ ഓളവും തീരവും ആവേശത്തിരയിളക്കിയ വള്ളം കളി മത്സരം കാണാനെത്തിയത് സ്ത്രീകളും കുട്ടികളുമുൾപ്പടെ നിരവധിയാളുകൾ.പൊന്നാനിയിലെ ഓണം വാരാഘോഷത്തിന് പരിസമാപ്തി കുറിച്ചെത്തിയ ബിയ്യം കായൽ വള്ളം കളി മത്സരത്തിൽ 17 മേജര്‍ വള്ളങ്ങളും 20 മൈനര്‍ വള്ളങ്ങളുമുൾപ്പെടെ 37 വള്ളങ്ങളാണ് ഇത്തവണ മാറ്റുരച്ചത്. മത്സരത്തിന്റെ മുന്നോടിയായി ജലഘോഷയാത്രയും നടന്നിരുന്നു. ആഗസ്റ്റ് 21 ന് തൃശൂർ വടക്കുംനാഥൻ സംഘത്തിന്റെ പുലികളി അവതരണത്തോടെ ആരംഭിച്ച വാരാഘോഷത്തിൽ വിവിധ ദിവസങ്ങളിലായി ഓണാഘോഷ വിളംബര സൈക്ലിങ് ഷോ, ക്രോസ് കൺട്രി മത്സരം, കളരിപ്പയറ്റ് പ്രദർശനം, ഗസൽ സന്ധ്യ, പ്രദർശന നീന്തൽ, വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറിയിരുന്നു. മലബാറിലെ ഏറ്റവും പ്രശസ്തമായ ബിയ്യം കായൽ ജലോത്സവത്തിന് മലപ്പുറം ,പാലക്കാട് ,തൃശൂർ ജില്ലകളിൽനിന്നായി ആയിരക്കണക്കിനാളുകളാണ് കായലിന്റെ ഇരുകരകളിലുമായി തടിച്ചുകൂടിയത്. ജില്ലാ ഭരണകൂടം, ഡി.ടി.പി.സി, പൊന്നാനി താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകൾ തുടങ്ങിയവരാണ് വള്ളംകളിയുടെ സംഘാടകർ. മേജർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ജലറാണിക്കുള്ള സമ്മാന വിതരണം കെ. പി. നൗഷാദലി എം.എൽ.എ നിർവഹിച്ചു. മൈനർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ യുവരാജ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിലിൽ നിന്നും സമ്മാനം ഏറ്റു വാങ്ങി. മേജർ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാർക്ക് 30000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 20000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 15000 രൂപയുമാണ് സമ്മാനത്തുക. മൈനർ വിഭാഗത്തിൽ 12500, 10000, 7500 എന്നിങ്ങനെയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ലഭിച്ചത്. മേജർ വിഭാഗത്തിൽ പങ്കെടുത്ത 17 വള്ളങ്ങൾക്കും 27000 രൂപയും മൈനർ വിഭാഗത്തിലെ 20 വള്ളങ്ങൾക്ക് 11000 രൂപയും പ്രോത്സാഹന സമ്മാനത്തുകയായി ലഭിച്ചു.
- Log in to post comments