Skip to main content

നിശാഗന്ധിയിൽ ഇന്ന് ( ആഗസ്‌റ്റ് 26 ) അർജ്ജുന നൃത്തം; സോപാനത്തിൽ പൂപ്പടത്തുള്ളൽ

നിശാഗന്ധിയിൽ മയിൽപ്പീലി അഴകു വിടർത്താൻ അർജുന നൃത്തവുമായി കുറിച്ചി നടേശനും സംഘവും ഇന്ന് (ആഗസ്‌റ്റ് 26) അരങ്ങിലെത്തും. മയിൽപ്പീലികൾ ഉപയോഗിച്ചുള്ള വേഷവിധാനമാണ് ഇതിന്റെ  പ്രത്യേകത. ചെണ്ട, താളച്ചെണ്ട, ഇലത്താളം എന്നിവയാണ് പ്രധാന വാദ്യങ്ങൾ.

അറിയപ്പെടുന്ന അർജുന നൃത്ത കലാകാരനായിരുന്ന കുറിച്ചി പി. എസ്. കുമാരൻ്റെ പാത പിൻതുടർന്നാണ് മകൻ കുറിച്ചി നടേശൻ 10 വയസു മുതൽ അർജുന നൃത്തം അവതരിപ്പിച്ചു തുടങ്ങിയത്. ഇപ്പോൾ അറുപതാം വയസിലും കലാരംഗത്ത് സജീവമായ കുറിച്ചി നടേശന്, കേരള ഫോക്‌ലോർ അക്കാദമി അവാർഡ് , സംഗീത നാടക അക്കാദമി അവാർഡ്, കേന്ദ്ര സാംസ്‌കാരികവകുപ്പിൻ്റെ സീനിയർ ഫെലോഷിപ്പ് തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അർജുന നൃത്തത്തിൽ 5 വേഷങ്ങളുമായാണ് ഇദ്ദേഹവും സംഘവും നിശാഗന്ധി വേദിയിലെത്തുക. ഇതിനു പുറമെ പാട്ടുകാരും വാദ്യക്കാരും ഉണ്ടാകും.

സോപനം വേദിയിൽ ഇന്ന് (ആഗസ്റ്റ് 26) വൈകിട്ട് 7 ന് കാക്കാരിശ്ശി നാടകം അരങ്ങേറും. കൊല്ലത്തുനിന്നുള്ള ' നാട്ടരങ്ങ്' എന്ന നാടക സംഘമാണ് അഞ്ചംഗ കലാകാരന്മാരുമായി സോപാനം വേദിയിൽ ഇന്ന് (ആഗസ്റ്റ് 26) വൈകിട്ട് 7 മണിക്ക് കാക്കാരിശ്ശി നാടകം അവതരിപ്പിക്കുന്നത്. ശിവൻ, ഗംഗ, പാർവതി എന്നീ കഥാപാത്രങ്ങളെ ആസ്പദമാക്കി ലോകരക്ഷയ്ക്കായി കാക്കന്റെ വേഷത്തിലെത്തുന്ന പുരാണ പശ്ചാത്തലമുള്ള കഥയാണ് നാടകത്തിൽ ആവിഷ്കരിക്കുന്നത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ കാക്കാൻ, രണ്ട് കാക്കാത്തിമാർ (സിന്ധു, വൈഗ), തമ്പുരാൻ, വേടൻ എന്നീ പ്രധാന കഥാപാത്രങ്ങളാണ് വേദിയിലെത്തുന്നത്.

ഈ നാടകത്തിലെ പ്രധാന ആകർഷണം 'കാക്കാൻ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 11 വയസുള്ള സൈന്തവ് എന്ന  കൊച്ചു കലാകാരനാണ്.

വൈകിട്ട് 6 മണിക്ക് ആയോധന കലയായ പരിചമുട്ടുകളിയും സോപാനം വേദിയിൽ അരങ്ങേറും.  കലാകാരന്മാർ കയ്യിൽ ചെറിയ വാളും പരിചയും ഏന്തി താളത്തിനൊത്ത് ചുവടുവെക്കുന്നു. കനം കുറഞ്ഞ തടികൊണ്ടു നിർമ്മിച്ച മരവാളും പരിചയും ശരീരത്തിൻറെ പലഭാഗത്തും മുട്ടിക്കളിക്കുന്നത് കൊണ്ടാണ്  ഈ കലാരൂപത്തിന് പരിചമുട്ടുകളിയെന്ന പേരു ലഭിച്ചത്. ഒറ്റപ്പാലം പനമണ്ണ പരിചമുട്ടുകളി സംഘത്തിലെ 12 പേർ അടങ്ങുന്ന ടീമാണ് പരിചമുട്ടുകളി അവതരിപ്പിക്കുന്നത്.

date