Skip to main content

ഫുൾ ഓണാണ് കൺട്രോൾ റൂം

ഓണം വാരാഘോഷത്തിൽ പങ്കെടുക്കാനെത്തുന്ന ആയിരക്കണക്കിന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ തയ്യാറെടുപ്പുകളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കൺട്രോൾ റൂം  സി ഐ ശശിധരൻ പിള്ളയുടെ നേതൃത്വത്തിൽ 30 പോലീസ് ഉദ്യോഗസ്ഥരാണ് നിശാഗാന്ധിക്ക് സമീപമുള്ള കൺട്രോൾ റൂമിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്.

ആഘോഷ വേദികളും പരിസരവും കൃത്യമായി നിരീക്ഷിക്കുന്നതിനായി 42 ക്യാമറകൾ കൺട്രോൾ റൂമിൽ മാത്രം സജ്ജീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ വിവിധ വേദികളിലും പുറത്തുമായി ഒട്ടനവധി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ജനത്തിരക്ക് കൃത്യമായി വിലയിരുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഡ്രോൺ ക്യാമറകളും  കാണികൾക്കിടയിൽ ക്രമസമാധാനം ഉറപ്പാക്കാൻ മഫ്തി പോലീസിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.  കൂടാതെ, പ്രധാന ഗേറ്റിന് സമീപം മെറ്റൽ ഡിറ്റക്ടറും അടിയന്തര സാഹചര്യങ്ങൾക്കായി ആംബുലൻസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി വഴികൾ പ്രത്യേകം വേർതിരിച്ചാണ് ആളുകളെ കടത്തിവിടുന്നത്. വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുകളും  അടിയന്തര നിർദ്ദേശങ്ങളും അനൗൺസ്‌മെന്റുകളിലൂടെ സമയബന്ധിതമായി നൽകുന്നുണ്ട്. പരിപാടിക്കിടെ എന്ത് ആവശ്യങ്ങൾക്കും ജനങ്ങൾക്ക് ഭയരഹിതമായി കൺട്രോൾ റൂമിനെ ആശ്രയിക്കാവുന്നതാണെന്നും സൗഹൃദമനോഭാവത്തോടെ ജനങ്ങളെ സഹായിക്കാൻ പോലീസ് സദാ സന്നദ്ധരാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

date