Skip to main content
പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗത നിയന്ത്രണം തുടരും

പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗത നിയന്ത്രണം തുടരും

ചെമ്പന്‍തൊട്ടിയില്‍ മധ്യവയസ്‌കന്‍ ഒഴുക്കില്‍പ്പെട്ടതായി സംശയം

ശക്തമായ മഴയെത്തുടര്‍ന്ന് ജില്ലയുടെ മലയോര ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം. പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം ഇന്നലെ (ആഗസ്റ്റ് 25) രാവിലെ 9 മണിയോടെ വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. വൈകുന്നേരത്തോടെ റോഡിലെ തടസ്സങ്ങള്‍ നീക്കിയെങ്കിലും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഗതാഗത നിയന്ത്രണം തുടരുമെന്ന് ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് അറിയിച്ചു.
പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇനിയും മണ്ണിടിച്ചിലുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ നിടുമ്പൊയില്‍- പേര്യ ചുരം വഴി പോകണമെന്ന് പോലിസ് അറിയിച്ചു.

അതിനിടെ, ചെമ്പത്തൊട്ടി പള്ളത്ത് തോട്ടില്‍ മധ്യവയസ്‌കന്‍ ഒഴുക്കില്‍പ്പെട്ടതായി സംശയം. മുതുകാട്ടില്‍ സജി ജോസഫ് (50) എന്നയാളാണ് ഒഴുക്കില്‍പ്പെട്ടതായി സംശയിക്കുന്നത്. ഇതേത്തുടര്‍ന്ന് പോലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സന്ധ്യയോടെ മഴ ശക്തമായതിനെ തുടര്‍ന്ന് തോട്ടില്‍ നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി. രാവിലെ തിരച്ചില്‍ പുനരാരംഭിക്കും.

ചെറുപുഴ വയക്കര വയലായി ഭാഗത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് പുഴയുടെ തീരത്തെ ഏതാനും കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ആലക്കോട് വില്ലേജിലെ മൂന്നാംകുന്നില്‍ കനത്ത മഴയില്‍ ചെറിയ തോതിലുള്ള ഉരുള്‍പൊട്ടല്‍ ഉണ്ടായി. മൂന്നാകുന്ന് ചോല റോഡിലേക്ക് വെള്ളവും കല്ലും വന്ന് ഗതാഗതം തടസ്സപ്പെട്ടു. റോഡിന് ചെറിയതോതില്‍ നാഷനഷ്ടവും ഉണ്ടായി. പ്രദേശത്തുള്ള പത്തോളം കുടുംബങ്ങള്‍ വേനല്‍കാലത്തു ശുദ്ധജലത്തിനു ആശ്രയിക്കുന്ന ഒരു പഞ്ചായത്ത് കുളവും രണ്ടു കിണറുകളും പൂര്‍ണ്ണമായും മണ്ണും കല്ലും നിറഞ്ഞു ഉപയോഗശൂന്യമായി. അപകട സാധ്യത പരിഗണിച്ച് ഒരു കുടുംബത്തെ ബന്ധു വീട്ടിലേക്കു മാറ്റി.

date