ഉജ്ജ്വലബാല്യം പുരസ്കാരം 2025: സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം
സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നല്കുന്ന 2025-ലെ 'ഉജ്ജ്വലബാല്യം പുരസ്കാരത്തിന്' കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, വിവര സാങ്കേതികവിദ്യ, കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പ നിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ അസാധാരണ മികവ് പുലര്‍ത്തിയ കുട്ടികള്‍ക്കാണ് പുരസ്കാരം നല്‍കുന്നത്. 2025 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ നേട്ടങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. ആറു മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഈ അവാര്‍ഡിനായി അപേക്ഷിക്കാം. പൊതുവിഭാഗത്തില്‍ 6-11 വയസ്സ്, 12-18 വയസ്സ് എന്നിങ്ങനെയും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രത്യേക വിഭാഗമായി 6-11 വയസ്സ്, 12-18 വയസ്സ് എന്നിങ്ങനെയുമാണ് അവാര്‍ഡ്.
ഒരു ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന നാല് കുട്ടികള്‍ക്ക് 25,000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്ന പുരസ്കാരം ലഭിക്കും. എന്നാല്‍ മുന്‍പ് ഈ അവാര്‍ഡ് ലഭിച്ചവരെയും കേന്ദ്ര സര്‍ക്കാരിന്റെ ബാല്‍ ശക്തി പുരസ്കാരം നേടിയവരെയും പരിഗണിക്കില്ല. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തിപത്രങ്ങള്‍, പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പകര്‍പ്പ്, പ്രകടനങ്ങള്‍ അടങ്ങിയ സിഡി അല്ലെങ്കില്‍ പെന്‍ഡ്രൈവ്, പത്രക്കുറിപ്പുകള്‍ എന്നിവ സഹിതം അപേക്ഷിക്കണം. വിലാസം: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്, മഞ്ചേരി - 676121. ഫോണ്‍- 8075981071, 9633413868. വെബ്സൈറ്റ്- www.wcd.kerala.gov.in.
- Log in to post comments